വമ്പൻ ജോലി ഉപേക്ഷിച്ച് ക്രിക്കറ്റിലേക്ക്, കട്ട രജനി ഫാൻ: ആരാണ് കൊൽക്കത്തയുടെ പുതിയ തുറുപ്പ് ചീട്ടായ വെങ്കടേഷ് അയ്യർ?

അഭിറാം മനോഹർ| Last Modified ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (18:39 IST)
വീട്ടിലിരുന്ന് എപ്പോഴും പഠിക്കാൻ ചീത്ത കേട്ടവരായിരിക്കും നമ്മളിൽ അധികവും. പുറത്തിറങ്ങി കളിക്കുന്നതിന് മാതാപിതാക്കളിൽ നിന്നും ഒത്തിരി പഴിയും കേട്ടിരിക്കും. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്‌തമാ‌ണ് വെങ്കടേഷ് അയ്യർ എന്ന കൊൽക്കത്തയുടെ പുതിയ ബാറ്റിങ് സെൻസേഷന്റെ ജീവിതം.

എപ്പോഴും പുസ്‌തകങ്ങൾക്ക് നടുവിലിരുന്നിരുന്ന വെങ്കടേഷിനെ പുറത്ത് പോയി കളിക്കാനും വീട്ടില്‍ മാത്രം ഒതുങ്ങരുതെന്നും നിര്‍ബന്ധിച്ച് പുറത്തേക്ക് കളിക്കാനയച്ചത് തന്റെ സ്വന്തം അമ്മയാണെന്നാണ് താരം പറയുന്നത്.
19ആം വയസ് വരെ ക്രിക്കറ്റിനെ വെങ്കടേഷ് സീരിയസ്സായി എടുത്തിരുന്നില്ല. ബികോമിനൊപ്പം ചാറ്റേര്‍ഡ് അക്കൗണ്ടന്റിൽ ഉന്നതവിജയവും നേടിയതോടെ ഏതൊരു വ്യക്തിയേയും പോലെ ജോലിയുമായി ഒതുങ്ങാനായിരുന്നു വെങ്കടേഷിന്റെ തീരുമാനം.

പഠിപ്പിനിടയിൽ ക്രിക്കറ്റും ഒപ്പം കൊണ്ടുപോയ വെങ്കടേഷ് ഇതിനിടയിൽ മധ്യ പ്രദേശിനായി
ടി20,50 ഓവര്‍ മത്സരങ്ങളില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ബെംഗളൂരുവിൽ ജോലിയിലിരിക്കെ ഒരു പരിശീലന മത്സരമാണ് വെങ്കടേഷിന്റെ തലവര മാറ്റിയെഴുതിയത്. മത്സരത്തിൽ ടീം ആറ് വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സെന്ന നിലയില്‍ നില്‍ക്കെ ബാറ്റിങ്ങിനിറങ്ങി 130 റണ്‍സോളം നേടി വെങ്കടേഷ്.

ഇതോടെ ക്രിക്കറ്റിലേക്ക് തിരിഞ്ഞ വെങ്കടേഷ് അവസാന സയ്യിദ് മുഷ്താഖ് അലി ട്രോറിയില്‍ അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 75.66 ശരാശരിയില്‍ 227 റണ്‍സ് നേടിയതോടെ കെകെആറിലേക്ക് വിളിയെത്തി. വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിനെതിരേ 146 പന്തില്‍ 198 റണ്‍സ് നേടാനും വെങ്കടേഷിനായി. ഐപിഎല്‍2021ലെ താരലേലത്തില്‍ 20 ലക്ഷം രൂപക്കാണ് കെകെആര്‍ വെങ്കടേഷിനെ സ്വന്തമാക്കിയതെങ്കിലും ആദ്യപാദത്തിൽ താരത്തിന് അവസരം ലഭിച്ചില്ല. രണ്ടാം പാദത്തിൽ അവസരം ലഭിച്ചപ്പോൾ അത് മുതലാക്കാൻ വെങ്കടേഷിന് സാധിക്കുകയും ചെയ്‌തു.

കന്നി മത്സരത്തിൽ 27 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സുമടക്കം പുറത്താവാതെ 41 റൺസാണ് താരം നേടിയത്. 151.85 സ്‌ട്രൈക്കറേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :