അഭിറാം മനോഹർ|
Last Modified ചൊവ്വ, 9 ജനുവരി 2024 (15:06 IST)
2007ലെ ആദ്യ
ടി20 ലോകകപ്പില്‍ കിരീടനേട്ടം സ്വന്തമാക്കിയതിന് ശേഷം കുട്ടിക്രിക്കറ്റില്‍ കഴിഞ്ഞ 17 കൊല്ല കാലത്തിനിടെ ഒരു ലോകകിരീടം കൂടി സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. ലോകത്തെ ഏറ്റവു പണം വാരി ലീഗായ ഐപിഎല്‍ 2008 മുതല്‍ ആരംഭിച്ചിട്ടും ടി20 ക്രിക്കറ്റില്‍ ഇഷ്ടം പോലെ പ്രതിഭകള്‍ ലഭ്യമായിട്ടുമാണ് കുട്ടി ക്രിക്കറ്റിലെ ഇന്ത്യയുടെ ഈ കിരീടവരള്‍ച്ച.
തുടക്കം മുതല്‍ വിക്കറ്റ് സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകുകയും പിന്നീട് ആഞ്ഞടിക്കുകയും ചെയ്യുന്ന കാലാഹരണപ്പെട്ട ഏകദിനശൈലി തന്നെയാണ് കുട്ടിക്രിക്കറ്റിലും കഴിഞ്ഞ ലോകകപ്പ് വരെ
ഇന്ത്യ പിന്തുടര്‍ന്നത്. എന്നാല്‍ രോഹിത്, കോലി എന്നീ സീനിയര്‍ താരങ്ങള്‍ മാറിനിന്നതോടെ യുവതാരങ്ങള്‍ ഫിയര്‍ലസ് ക്രിക്കറ്റിലേയ്ക്ക് ഇന്ത്യയെ കൈപ്പിടിച്ചുകയറ്റുമെന്നാണ് കരുതിയിരുന്നത്. പവര്‍ പ്ലേയില്‍ മാക്‌സിമം റണ്‍സുകള്‍ ലക്ഷ്യമിട്ട് ബാറ്റ് ചെയ്യുന്ന യശ്വസി ജയ്‌സ്വാള്‍ ഫിനിഷിംഗില്‍ റിങ്കു സിംഗ് എന്നിവരുടെ സാന്നിധ്യം ഇന്ത്യന്‍ ടീമിന് കരുത്ത് നല്‍കുന്നതും ഇന്ത്യ ഇതുവരെ കളിച്ച ബ്രാന്‍ഡ് ഓഫ് ക്രിക്കറ്റിനെ മാറ്റിമറിക്കുന്നതുമാണ്.
എന്നാല്‍ രോഹിത് ശര്‍മയും വിരാട് കോലിയും തിരിച്ചെത്തുന്നതോടെ ഇന്ത്യ വീണ്ടും തുടങ്ങിയ അതേ സ്ഥലത്തേയ്ക്ക് തന്നെ തിരിച്ചെത്തുകയാണ്. രോഹിത് മടങ്ങിയെത്തുന്നതോടെ ശുഭ്മാന്‍ ഗില്‍,യശ്വസി ജയ്‌സ്വാള്‍ എന്നിവരില്‍ ഒരാള്‍ക്ക് സ്ഥാനം നഷ്ടമാകുമെന്ന് ഉറപ്പാണ്. ഇരുവരും തിരിച്ചെത്തുന്നതോടെ ഇന്ത്യ വീണ്ടും പരമ്പരാഗത ശൈലിയിലേയ്ക്ക് തന്നെ മാറുമെന്നും അക്രമണോത്സുകമായി കളിക്കുന്ന മറ്റ് ടീമുകള്‍ക്കിടയില്‍ ടി20യില്‍ നേട്ടം കൊയ്യാന്‍ പ്രയാസമാകുമെന്നും ക്രിക്കറ്റ് വിദഗ്ധര്‍ പറയുന്നു.
വെസ്റ്റിന്‍ഡീസിലെ പിച്ച് എങ്ങനെയായാലും ടോപ് ഓര്‍ഡറില്‍ പഴയ പോലെ തന്നെയാകും ഇന്ത്യന്‍ പ്രകടനമെന്ന് ക്രിക്കറ്റ് ആരാധകരും കരുതുന്നു. പരിക്ക് മൂലം മാറി നില്‍ക്കുന്ന സൂര്യകുമാര്‍ യാദവ് തിരിച്ചെത്തിയില്ലെങ്കിലും ഇന്ത്യയെ അത് വലിയ രീതിയില്‍ തന്നെ ബാധിക്കും. രോഹിതും കോലിയും തിരിച്ചെത്തുന്നതോടെ ഗില്‍,രോഹിത്,കോലി,സൂര്യ,ഹാര്‍ദ്ദിക് എന്നിവരാകും ബാറ്റര്‍മാരില്‍ ടീമില്‍ സ്ഥാനം ഉറപ്പുള്ളവര്‍. ഇഷാന്‍ കിഷന്‍ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ സഞ്ജു സാംസണോ, ജിതേഷ് ശര്‍മയോ വിക്കറ്റ് കീപ്പറായി ടീമില്‍ ഇടം നേടും. റിങ്കു സിംഗിന് അവസരമുണ്ടാകുമെങ്കിലും മധ്യനിരയില്‍ സ്ഥാനം ഉറപ്പിക്കാനാവാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്.