South Africa vs USA, T20 World Cup 2024: പൊരുതി വീണ് യുഎസ്; സൂപ്പര്‍ 8 ല്‍ ആദ്യ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ ബാറ്റിങ് കരുത്തിലാണ് ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്‌കോറിലേക്ക് എത്തിയത്

South Africa
രേണുക വേണു| Last Modified വ്യാഴം, 20 ജൂണ്‍ 2024 (08:24 IST)
South Africa

South Africa vs USA, T20 World Cup 2024: സൂപ്പര്‍ 8 ലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. യുഎസ്എയെ 18 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ യുഎസ്എയ്ക്ക് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് ആണ് കളിയിലെ താരം.

ദക്ഷിണാഫ്രിക്കയുടെ കൂറ്റന്‍ സ്‌കോറിനു മുന്നില്‍ പതറാതെയാണ് യുഎസ്എ താരം ആന്‍ഡ്രിയസ് ഗൗസ് ബാറ്റ് ചെയ്തത്. 47 പന്തില്‍ അഞ്ച് സിക്‌സും അഞ്ച് ഫോറും സഹിതം പുറത്താകാതെ 80 റണ്‍സാണ് ഗൗസ് നേടിയത്. ഹര്‍മീത് സിങ് 22 പന്തില്‍ 38 റണ്‍സ് നേടി. സ്റ്റീവന്‍ ടെയ്‌ലര്‍ 14 പന്തില്‍ 24 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കഗിസോ റബാഡ നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. കേശവ് മഹാരാജ്, അന്‍ റിച്ച് നോര്‍ക്കിയ, തബ്രൈസ് ഷംസി എന്നിവര്‍ക്ക് ഓരോ വിക്കറ്റുകള്‍ വീതം.

ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ ബാറ്റിങ് കരുത്തിലാണ് ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്‌കോറിലേക്ക് എത്തിയത്. 40 പന്തില്‍ അഞ്ച് സിക്‌സും ഏഴ് ഫോറും സഹിതം 74 റണ്‍സാണ് ഡി കോക്ക് നേടിയത്. നായകന്‍ ഏദന്‍ മാര്‍ക്രം 32 പന്തില്‍ 46 റണ്‍സും ഹെന്‍ റിച്ച് ക്ലാസന്‍ 22 പന്തില്‍ പുറത്താകാതെ 36 റണ്‍സും നേടി. ട്രിസ്റ്റന്‍ സ്റ്റബ്‌സ് 16 പന്തില്‍ പുറത്താകാതെ 20 റണ്‍സെടുത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :