ദക്ഷിണാഫ്രിക്കയെ മലര്‍ത്തിയടിച്ച് കടുവകള്‍; പരമ്പര ബംഗ്ലാദേശിന്

ദക്ഷിണാഫ്രിക്ക ബംഗ്ലാദേശ് ഏകദിനം , ക്രിക്കറ്റ് ,
ചിറ്റഗോങ്| jibin| Last Modified വ്യാഴം, 16 ജൂലൈ 2015 (10:18 IST)
മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് ബംഗ്ലാദേശ് ചരിത്ര പരമ്പര സ്വന്തമാക്കി. മൂന്നാം ഏകദിനത്തില്‍ ആധികാരിക ജയം സ്വന്തമാക്കിയ ബംഗ്ലാ കടുവകള്‍ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 2-1ന് സ്വന്തമാക്കുകയായിരുന്നു. 1-1ന് സമനിലയിലായിരുന്ന പരമ്പരയിൽ ബുധനാഴ്ച നടന്ന മൂന്നാം ഏകദിനത്തിൽ 83 പന്ത് ബാക്കി നിൽക്കെ വെറും ഒരു വിക്കറ്റ് നഷ്ടത്തിലാണ് ആതിഥേയർ വിജയിച്ചുകയറിയത്. സ്കോര്‍: ദക്ഷിണാഫ്രിക്ക 40 ഓവറില്‍ 168/9, ബംഗ്ലാദേശ് 26.1 ഓവറില്‍ 170/1.

മഴ മൂലം നാൽപത്ത് ഓവറുകളായി ചുരുക്കിയ മത്സരത്തിൽ സന്ദർശകരെ 168 റൺസിന് ബംഗ്ളാ കടുവകൾ ഒതുക്കുകയായിരുന്നു. ബംഗ്ളാ ബൗളർമാർക്കു മുന്നിൽ ഓപ്പണർമാർ കിതച്ചുപോയതാണ് സന്ദർശകർക്ക് തിരിച്ചടിയായത്. ഡീ കോക് (7), ഹാഷിം ആംല (15), ഡൂ പ്ളെസിസ് (6), റിലീ റൊസ്സോവ് (17) എന്നിവർ കാര്യമായ സംഭാവന നൽകാതെ മടങ്ങിയപ്പോൾ പിന്നാലെ എത്തിയ ഡേവിഡ് മില്ലറും (44) പോൾ ഡുമിനി (51)യും നിലയുറപ്പിച്ചതാണ് ദക്ഷിണാഫ്രിക്കയ്ക്ക് സ്കോർ 168ലെങ്കിലും എത്തിക്കാനായത്.

ഡക്‌വർത്ത് ലൂയിസ് നിയമപ്രകാരം 170 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് ഓപ്പണർമാരായ തമീം ഇക്ബാലും സൗമ്യ സർകാരും ചേർന്ന് വിജയം അനായാസമാക്കുകയായിരുന്നു. സെഞ്ച്വറിക്ക് പത്ത് റൺസ് അകലെയാണ് സർകാർ പുറത്തായത്. ഇക്ബാൽ 61 റൺസെടുത്തു. പിന്നാലെ എത്തിയ ലിട്ടൻ ദാസ് (5) ബൗണ്ടറിയിലൂടെ ആതിഥേയരെ വിജയലക്ഷ്യത്തിലേക്ക് എത്തിക്കുകയായിരുന്നു. സൗമ്യ സർകാരാണ് മാൻ ഓഫ് ദി മാച്ചും സീരീസും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :