സഞ്ജുവിനേക്കാൾ അവഗണന നേരിട്ട താരം, ഇന്ത്യൻ ടീമിൽ എത്തുന്നത് മുപ്പതാം വയസിൽ, ഇന്ന് ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് നിറം പകരുന്നവൻ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 11 ജൂലൈ 2022 (14:38 IST)
ഐപിഎല്ലിൽ തുടർച്ചയായ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും ഇന്ത്യൻ ടീമിലേക്ക് സഞ്ജു സാംസണിന് അവസരങ്ങൾ ലഭിക്കുന്നില്ല എന്നത് വലിയ ഒരു വിഭാഗം മലയാളികളും കുറ്റപ്പെടുത്തുമ്പോൾ നിങ്ങൾ മറന്ന് പോകുന്ന മറ്റൊരു പേരുണ്ട്. തുടർച്ചയായ അവഗണനകൾക്കൊടുവിൽ ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചപ്പോൾ അത് മുതലാക്കി ഇന്ന് ടീമിലെ തന്നെ ഏറ്റവും മികച്ച താരമെന്ന ഖ്യാതി സ്വന്തമാക്കിയ ഒരു മുപ്പത്തിയൊന്നുകാരനാണയാൾ. പേര് സൂര്യകുമാർ യാദവ്.

2012ലെ ഐപിഎല്ലിലൂടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ അരങ്ങേറ്റം കുറിച്ച താരം ശ്രദ്ധേയനാകുന്നത് 2015ൽ മുംബൈ ഇന്ത്യൻസിനെതിരെ നേടിയ 46* പ്രകടനത്തോടെയാണ്. തുടർന്ന് 2018ൽ താരത്തെ മുംബൈ ഇന്ത്യൻ സ്വന്തമാക്കുന്നതോടെയാണ് സൂര്യയുടെ ജാതകം മാറുന്നത്. അയാളോടുള്ള അവഗണനയുടെ കഥയും അവിടെ നിന്ന് തുടങ്ങുന്നുവെന്ന് പറയാം. 2018 സീസണിൽ 14 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 512 റൺസുമായി തിളങ്ങിയെങ്കിലും സൂര്യയ്ക്ക് ഇന്ത്യൻ ടീമിൽ വിളിയെത്തിയില്ല.

2019 സീസണിൽ 424 റൺസുമായി ടീമിലെ സ്ഥാനത്തിനായി അവകാശവാദമുന്നയിച്ചെങ്കിലും ഇത്തവണയും സെലക്ടർമാരുടെ റഡാറിൽ സൂര്യകുമാർ എത്തപ്പെട്ടില്ല. അപ്പോഴേക്കും സൂര്യകുമാർ യാദവിന് പ്രായം 29 വയസിൽ എത്തിയിരുന്നു. 2020 സീസണിൽ 480 റൺസുമായി തിളങ്ങിയപ്പോളും തുടർന്നെത്തിയ ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാൻ സൂര്യയ്ക്കായിരുന്നില്ല.

ആ സീസണിൽ മുംബൈയ്ക്കായി റൺസുകൾ കണ്ടെത്തി എന്ന് മാത്രമല്ല പല വിജയങ്ങളുടെയും ശിൽപ്പിയും സൂര്യകുമാറായിരുന്നു. സീസണിൽ ആർസിബിക്കെതിരെ 43 പന്തിൽ നിന്നും താരം പുറത്താകാതെ നേടിയ 79 റൺസ് പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. അവഗണനയിൽ മനസ്സ് മടുത്ത് ബീച്ചിൽ താൻ ഒറ്റയ്ക്ക് പോയി ഒരു മണിക്കൂർ നേരം ചിലവഴിച്ചുവെന്ന് സൂര്യകുമാർ പിന്നീട് പറഞ്ഞു.

ശരിയായ സമയം വരും കടിനാദ്ധ്വാനം തുടരുക എന്നാണ് എന്നോട് സഹതാരങ്ങൾ പറഞ്ഞത് സൂര്യ പറഞ്ഞു. പിന്നീട് മുപ്പതാം വയസിൽ ഇന്ത്യൻ ടീമിൽ അരങ്ങേറിയ സൂര്യകുമാർ യാദവിന് പിന്നെ തിരിഞ്ഞുനോക്കേണ്ടതായി വന്നിട്ടില്ല. രാജ്യാന്തര ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെ ഒരു സിക്സറുമായി രാജകീയമായായിരുന്നു
സൂര്യയുടെ അരങ്ങേറ്റം. ആ മത്സരത്തിൽ അർധസെഞ്ചുറി കണ്ടെത്തിയ താരം പിന്നീട് തുടർച്ചയായി ഇന്ത്യൻ ടീമിൽ ഇടം നേടുകയും ടീമിലെ പ്രധാനതാരങ്ങളിൽ ഒരാളായി മാറുകയും ചെയ്തു. ആദ്യ പന്ത് മുതൽ റൺസ് കണ്ടെത്താനുള്ള ശേഷി സൂര്യയെ ടീമിൽ വ്യത്യസ്തനാക്കി. വരാനിരിക്കുന്ന ടി20 ലോകകപ്പിൽ പ്രതീക്ഷയോടെ നോക്കുന്ന പ്രധാനതാരങ്ങളിൽ ഒരാളാണ് ഇന്ന് സൂര്യ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :