ഐപിഎല്‍ പ്രതിഫലത്തിൽ 100 കോടി ക്ലബില്‍ സുരേഷ് റെയ്ന

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 22 ജനുവരി 2021 (12:20 IST)
ഐപിഎല്‍ പ്രതിഫലത്തിൽ 100 കോടി ക്ലബില്‍ ഇടംപിടിച്ച്‌ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സുരേഷ് റെയ്‌ന. 14 ആം ഐപിഎല്‍ സീസണില്‍ ചെന്നൈക്ക് വേണ്ടി കളിക്കുന്ന റെയ്‌നയ്ക്ക് 11 കോടി രൂപയാണ് പ്രതിഫലം. പ്രതിഫലത്തിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് സുരേഷ് റെയ്ന. സിഎസ്‌കെ നായകൻ മഹേന്ദ്ര സിങ് ധോണി, ആർസിബി നായകൻ വിരാട് കോഹ്‌ലി, മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മ എന്നിവരാണ് റെയ്നയ്ക്ക് മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ള താരങ്ങൾ.

2008 മുതല്‍ ഐപിഎലിൽ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഒപ്പമാണ് റെയ്‌ന. ഐപിഎലിൽ വിലക്ക് നേരിട്ട കാലത്ത് ഗുജറാത്ത് ലയേണ്‍സിന് വേണ്ടി റെയ്‌ന കളിച്ചു. എന്നാൽ കഴിഞ്ഞ സീസണിൽ യുഎഇയിലെത്തിയ ശേഷം പെട്ടന്ന് റെയ്ന മടങ്ങിയത് വലിയ വിവാദങ്ങൾക്കും തർക്കങ്ങൾക്കുമെല്ലാം കാരണമായിരുന്നു. റെയിന അടുത്ത സീസണിൽ ചെന്നൈ വിട്ടേയ്ക്കും എന്നും സിഎസ്‌കെ റെയ്നയെ ഒഴിവാക്കിയേക്കും എന്നെല്ലാം അഭ്യൂഹങ്ങളും പരന്നിരുന്നു. ചരിത്രത്തിലദ്യമായി പ്ലേയോഫ് കാണാതെ സിഎസ്‌കെ പുറത്തായതിന് പ്രധാന കാരണങ്ങളിൽ ഒന്ന് ടീമിൽ റെയ്നയുടെ അഭാവമാണ് എന്ന് വിമർശനം ഉയരുകയും ചെയ്തു. അടുത്ത സീസണിൽ സിഎസ്‌കെയുടെ ഉയർത്തെഴുന്നേൽപ്പിന് കാത്തിരിയ്ക്കുകയാണ് ആരാധകർ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :