Shardul Thakur: ഇന്ത്യ എന്താണ് ഉദ്ദേശിക്കുന്നത്? വാലറ്റത്ത് ബാറ്റിങ് മെച്ചപ്പെടുത്താന്‍ പെര്‍ഫക്ട് പേസറെ ഒഴിവാക്കുന്നു ! ഇനിയും ശര്‍ദുലിനെ പിന്തുണയ്ക്കണോ?

വാലറ്റത്ത് ബാറ്റിങ് കരുത്ത് വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് ഇന്ത്യ ശര്‍ദുലിന് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കുന്നത്

രേണുക വേണു| Last Modified വെള്ളി, 22 സെപ്‌റ്റംബര്‍ 2023 (17:31 IST)

Shardul Thakur: ശര്‍ദുല്‍ താക്കൂറിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യയുടെ വജ്രായുധങ്ങളായ പേസ് ത്രയത്തില്‍ ഒരാളെ ബെഞ്ചില്‍ ഇരുത്തുന്നത് മണ്ടത്തരമാണെന്ന് ആരാധകര്‍. ജസ്പ്രീത് ബുംറ-മുഹമ്മദ് ഷമി-മുഹമ്മദ് സിറാജ് എന്നിവര്‍ ഒന്നിച്ച് പേസ് നിരയില്‍ ഉണ്ടെങ്കില്‍ അത് ടീമിന് ഗുണം ചെയ്യും. ഇന്ത്യന്‍ പിച്ചുകളില്‍ മൂവര്‍ക്കും നന്നായി പന്തെറിയാന്‍ സാധിക്കും. എന്നിട്ടും ശര്‍ദുലിന് അവസരം നല്‍കാന്‍ ഇതില്‍ ഒരാളെ പുറത്തിരുത്തുന്നത് അത്ര നല്ല തീരുമാനമല്ലെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

വാലറ്റത്ത് ബാറ്റിങ് കരുത്ത് വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് ഇന്ത്യ ശര്‍ദുലിന് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കുന്നത്. എന്നാല്‍ സമീപകാലത്ത് ബാറ്റിങ്ങില്‍ ഇന്ത്യക്കായി മികച്ച പ്രകടനം നടത്താന്‍ ശര്‍ദുലിന് സാധിക്കുന്നില്ല. മാത്രമല്ല ബൗളിങ്ങിലും അമ്പേ പരാജയമാണ്. ശര്‍ദുലിന് വേണ്ടി ബലിടാകേണ്ടി വരുന്നത് കൂടുതലും മുഹമ്മദ് ഷമിക്കാണ്. ഇന്ത്യയിലെ ഫ്‌ളാറ്റ് പിച്ചുകളില്‍ ഷമി കൂടി ഇല്ലെങ്കില്‍ എതിര്‍ ടീം ഇന്ത്യയെ അടിച്ചോടിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

2023 ല്‍ ഇന്ത്യക്കായി ആറ് ഏകദിനങ്ങളാണ് ശര്‍ദുല്‍ കളിച്ചിട്ടുള്ളത്. 9.8 ശരാശരിയില്‍ നേടിയിരിക്കുന്നത് വെറും 59 റണ്‍സ് മാത്രം. നിര്‍ണായക സമയത്ത് അടക്കം ക്രീസിലെത്തി നിരാശപ്പെടുത്തിയാണ് ശര്‍ദുല്‍ പല കളികളിലും മടങ്ങിയത്. ലോകകപ്പിലും ശര്‍ദുലിനെ പിന്തുണയ്ക്കാനാണ് സെലക്ടര്‍മാരും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും തീരുമാനിക്കുന്നതെങ്കില്‍ അതൊരു മണ്ടന്‍ തന്ത്രമാകുമെന്ന് ആരാധകര്‍ പറയുന്നു.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഞ്ചിനും അതിനു താഴെയും ഇക്കണോമിയില്‍ എല്ലാവരും പന്തെറിഞ്ഞപ്പോള്‍ ശര്‍ദുലിന്റെ ഇക്കോണമി എട്ടിന് അടുത്താണ് ! 10 ഓവറില്‍ 78 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് ശര്‍ദുല്‍ നേടിയത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :