ന്യൂഡൽഹി|
അനിരാജ് എ കെ|
Last Modified തിങ്കള്‍, 18 മെയ് 2020 (13:02 IST)
തന്‍റെ രാജ്യത്തിനായി തോക്കെടുക്കേണ്ടിവന്നാല്‍ അതിനും തയ്യാറാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. വിമര്‍ശകര്‍ക്ക് മുന്നില്‍ തന്‍റെ രാജ്യസ്നേഹം തെളിയിക്കേണ്ട ആവശ്യമില്ലെന്നും എന്റെ രാജ്യത്തിനെതിരായി ഞാൻ എന്തെങ്കിലും ചെയ്‌തെന്ന് ആരും പറയുമെന്ന് തോന്നുന്നില്ലെന്നും ഹര്‍ഭജന്‍ വ്യക്‍തമാക്കി. ഇന്ത്യയ്‌ക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും പ്രസ്താവന നടത്തിയ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദിയെ ഹര്‍ഭജന്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇന്ത്യയെക്കുറിച്ച് മോശം പറയാൻ അഫ്രീദിക്ക് യാതൊരു അവകാശവുമില്ലെന്നും അയാൾ സ്വന്തം രാജ്യത്തിന്റെ പരിധിക്കുള്ളിൽ നിൽക്കുന്നതാണ് നല്ലതെന്നും ഹര്‍ഭജന്‍ മുന്നറിയിപ്പ് നല്‍കി.
ഇന്ത്യയെക്കുറിച്ചും നരേന്ദ്രമോദിയെക്കുറിച്ചും അഫ്രീദി നടത്തിയ പരാമര്‍ശങ്ങള്‍ ഏവരിലും അസ്വസ്ഥത ഉളവാക്കുന്നതാണ്. അത് അംഗീകരിക്കാനാവില്ല. ഇനിയങ്ങോട്ട് അഫ്രീദിയുമായി യാതൊരു വിധ സഹകരണത്തിനുമില്ല. അഫ്രീദിയുമായുള്ള തന്റെ ബന്ധം അടഞ്ഞ അധ്യായമാണ് - ഹര്‍ഭജന്‍ സിംഗ് വ്യക്തമാക്കി.
കോവിഡ് പ്രതിരോധ രംഗത്തുള്ള അഫ്രീദിയെയും അഫ്രീദിയുടെ പേരിലുള്ള ഫൗണ്ടേഷനെയും സഹായിച്ചതിന്റെ പേരിൽ കുറച്ചുദിവസങ്ങള്‍ക്കു മുമ്പ് രൂക്ഷ വിമർശനത്തിന് ഹര്‍ഭജന്‍ സിംഗ് വിധേയനായിരുന്നു.