അഭിറാം മനോഹർ|
Last Modified ഞായര്‍, 12 ജനുവരി 2025 (14:28 IST)
കഴിഞ്ഞ കുറെ മാസങ്ങളായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ മോശം പ്രകടനമാണ് ഇന്ത്യയുടെ സീനിയര്‍ താരങ്ങളായ വിരാട് കോലി- രോഹിത് ശര്‍മ എന്നിവര്‍ നടത്തുന്നത്. ഇക്കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ സെഞ്ചുറി നേടാനായെങ്കിലും വിരാട് കോലിയുടെ പ്രകടനം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതേസമയം നായകനായ രോഹിത് ശര്‍മ നായകനെന്ന നിലയിലും ബാറ്ററെന്ന നിലയിലും പരമ്പരയില്‍ പൂര്‍ണപരാജയമായി മാറി. ഇതോടെ പരമ്പരയ്ക്കിടെ രോഹിത് ശര്‍മ വിരമിക്കുമെന്ന് അഭ്യൂഹങ്ങള്‍ വന്നെങ്കിലും അത്തരത്തിലുള്ള ഒരു പ്രഖ്യാപനവും താരം നടത്തിയിരുന്നില്ല.
മോശം പ്രകടനം തുടരുമ്പോഴും ആഭ്യന്തര ക്രിക്കറ്റോ കൗണ്ടി ക്രിക്കറ്റോ കളിക്കുവാന്‍ ഇരുതാരങ്ങളും തയ്യാറായിട്ടില്ല. അതിനാല്‍ തന്നെ വലിയ വിമര്‍ശനങ്ങളാണ് സൂപ്പര്‍ താരങ്ങള്‍ക്കെതിരെ ഉയരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഈ സ്റ്റാര്‍ കള്‍ച്ചര്‍ തുടരുന്നതില്‍ പരിശീലകനയ ഗംഭീറിന് റോളില്ലെന്നും ചീഫ് സെലക്ടറായ അജിത് അഗര്‍ക്കാറാണ് സൂപ്പര്‍ താരങ്ങളെ പിന്തുണയ്ക്കുന്നതെന്നും മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നു.
ഇതിനെല്ലാം കാരണം താരങ്ങളെ ആരാധിക്കുന്ന രീതിയാണ്. 2011-12 കാലത്താണെങ്കിലും ഇപ്പോഴാണെങ്കിലും ടീമിനെ മോശം അവസ്ഥയിലേക്ക് കൊണ്ടുപോവുന്നത് ഈ താരാരാധനയാണ്. വലിയ താരങ്ങളുടെ കാര്യം വരുമ്പോള്‍ ക്രിക്കറ്റ് ലോജിക് ആളുകള്‍ വേണ്ടെന്ന് വെയ്ക്കുന്നു. സൂപ്പര്‍ താരങ്ങളുടെ കരിയറിലെ വില്ലനായി മാറാന്‍ സെലക്ടര്‍മാരും ആഗ്രഹിക്കുന്നില്ല. അതിനാല്‍ തന്നെ സെലക്ടര്‍മാര്‍ക്കാണ് ഇതില്‍ വലിഊ റോളുള്ളത്.പക്ഷേ വിമര്‍ശനം ഏറ്റുവാങ്ങുന്നത് കോച്ചിംഗ് സ്റ്റാഫുകളാണ്. സെലക്ടര്‍മാര്‍ അവരുടെ ജോലി വൃത്തിക്ക് ചെയ്യുകയാണെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ മാറ്റമുണ്ടാകുമെന്നും മഞ്ജരേക്കര്‍ പറഞ്ഞു.