സജിത്ത്|
Last Modified ബുധന്‍, 8 മാര്‍ച്ച് 2017 (12:27 IST)
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് മത്സരം പുരോഗമിക്കുമ്പോള്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗ് രംഗത്ത്. വിരാട് നാളെ വിരമിക്കുന്നുവെന്ന് തുടങ്ങുന്ന സെവാഗിന്റെ ട്വീറ്റാണ് ഏറെ ചര്‍ച്ചാവിഷയമായത്. കഴിഞ്ഞ ദിവസമാണ് സേവാഗ് ഇത്തരത്തില്‍ ട്വീറ്റ് ചെയ്തത്.
ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനമായിരിക്കും വിരാടിന്റെ ഈ വിരമിക്കല്‍ തീരുമാനത്തിന് കാരണമായതെന്ന് പല കോണുകളില്‍ നിന്നും അഭിപ്രായമുണ്ടായി. എന്നാല്‍ സെവാഗിന്റെ ട്വീറ്റ് മുഴുവന്‍ വായിച്ചപ്പോളാണ് ആരാധകരുടെ ആശങ്ക ചിരിക്ക് വഴിമാറിയത്.
ഇന്ത്യയുടെ യുദ്ധക്കപ്പലായ ഐ എന്‍ എസ് വിരാട് എന്ന കപ്പല്‍ ഡീക്കമ്മീഷന്‍ ചെയ്യുന്നതിനെക്കുറിച്ചായിരുന്നു യഥാര്‍ഥത്തില്‍ സെവാഗ് ട്വീറ്റ് ചെയ്തത്. പഴയ കപ്പലുകള്‍ക്ക് ഒരിക്കലും മരണമില്ലെന്നും അവരുടെ ഓര്‍മകള്‍ എന്നും ജീവിക്കുമെന്നു സെവാഗ് ട്വീറ്റിലൂടെ പറഞ്ഞു.
ഇന്ത്യന്‍ നാവികസേനയ്ക്ക് വേണ്ടി 30 വര്‍ഷത്തോളം നീണ്ടുനിന്ന വിരാടിന്റെ സേവനത്തെ സെവാഗ് അഭിനന്ദിച്ചു. ലോകത്തിലെ പ്രവര്‍ത്തനക്ഷമമായ ഏറ്റവും പഴക്കമേറിയ വിമാനവാഹിനി യുദ്ധക്കപ്പല്‍ എന്ന ഗിന്നസ് റെക്കോഡുമായാണ് വിരാട് സേനയില്‍ നിന്ന് വിരമിക്കുന്നത്.