അഭിറാം മനോഹർ|
Last Modified തിങ്കള്‍, 21 ജൂലൈ 2025 (19:52 IST)
ആഭ്യന്തര ക്രിക്കറ്റിലും അന്താരാഷ്ട്ര തലത്തിലും മികവറിയിച്ച കളിക്കാരനാണെങ്കിലും പലപ്പോഴും സര്‍ഫറാസ് ഖാനെന്ന ക്രിക്കറ്ററെ വിമര്‍ശകര്‍ താഴ്ത്തിക്കെട്ടാറുള്ളത് താരത്തിന്റെ ശരീരം വെച്ചാണ്. ആവശ്യത്തിലധികം ഭാരമുള്ള സര്‍ഫറാസിന് മതിയായ ഫിറ്റ്‌നസില്ലെന്ന് ഒരുകൂട്ടം വിമര്‍ശകര്‍ പറയുമ്പോള്‍ ഗവാസ്‌കര്‍ അടക്കമുള്ള പല മുന്‍താരങ്ങളും അയാള്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്നുണ്ടെങ്കില്‍ അയാളുടെ ശരീരം നോക്കേണ്ടതില്ല എന്ന് പറയുന്നവരാണ്.
എന്നാലും ക്രിക്കറ്റ് കളിതന്നെ മാറിയ അവസ്ഥയില്‍ സര്‍ഫറാസും ഒരു മാറ്റത്തിലൂടെ കടന്നുപോയിരിക്കുകയാണ്. 2 മാസത്തിനുള്ളില്‍ 17 കിലോഗ്രാം തൂക്കമാണ് സര്‍ഫറാസ് ഖാന്‍ കഠിനപ്രയത്‌നത്തിലൂടെ കുറച്ചത്. 2024 ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയിലൂടെ അരങ്ങേറ്റം നടത്തിയെങ്കിലും സര്‍ഫറാസ് ഇന്ത്യന്‍ ടീമിലെ സ്ഥിരസാന്നിധ്യമല്ല. പലപ്പോഴും ഫിറ്റ്‌നസ് കുറവിന്റെ പേരില്‍ താരത്തെ ആരാധകര്‍ വിമര്‍ശിക്കുന്നതും പതിവാണ്. ഈ സാഹചര്യത്തിലാണ് സര്‍ഫറാസ് തന്റെ ശരീരഭാരം കുറച്ച് രംഗത്ത് വന്നിരിക്കുന്നത്.