Bengaluru|
രേണുക വേണു|
Last Modified ബുധന്‍, 20 ഓഗസ്റ്റ് 2025 (08:37 IST)
Sanju Samson: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച സഞ്ജു സാംസണ്‍ എവിടെ കളിക്കും? ശുഭ്മാന്‍ ഗില്‍ സ്‌ക്വാഡില്‍ ഉള്ളതുകൊണ്ട് സഞ്ജുവിന് ഓപ്പണര്‍ സ്ഥാനം ലഭിക്കാന്‍ സാധ്യത കുറവാണ്.
ഉപനായകന്‍ ആയതിനാല്‍ ഗില്‍ പ്ലേയിങ് ഇലവനില്‍ ഉറപ്പാണ്. ഗില്ലിനൊപ്പം അഭിഷേക് ശര്‍മയോ സഞ്ജു സാംസണോ ആയിരിക്കും ഓപ്പണറാകുക. അതില്‍ അഭിഷേകിനാണ് കൂടുതല്‍ സാധ്യത. അങ്ങനെ വന്നാല്‍ സഞ്ജുവിനു പുറത്തിരിക്കേണ്ടിവരും. ഗില്‍ സ്‌ക്വാഡില്‍ ഇല്ലായിരുന്നെങ്കില്‍ സഞ്ജുവിനു കാര്യങ്ങള്‍ എളുപ്പമായേനെ !
ഓപ്പണര്‍ സ്ഥാനമല്ലാതെ സഞ്ജുവിനു ഏത് റോള്‍ കൊടുക്കുമെന്ന ചോദ്യമാണ് ഇനി അവശേഷിക്കുന്നത്. മൂന്നാം നമ്പറില്‍ തിലക് വര്‍മയ്ക്കാണ് കൂടുതല്‍ സാധ്യത. ഇടംകൈയന്‍ ബാറ്ററാണെന്നതും മൂന്നാം നമ്പറിലെ റണ്‍സ് കണക്കുകളും തിലകിനു അനുകൂലം. മൂന്നാം നമ്പറില്‍ ഇന്ത്യക്കായി 13 കളികളില്‍ നിന്ന് 169.73 സ്‌ട്രൈക് റേറ്റില്‍ 443 റണ്‍സാണ് തിലക് നേടിയിരിക്കുന്നത്. മറുവശത്ത് സഞ്ജു മൂന്നാം നമ്പറില്‍ മൂന്ന് കളികളില്‍ നിന്ന് 126.92 സ്‌ട്രൈക് റേറ്റില്‍ നേടിയിരിക്കുന്നത് വെറും 33 റണ്‍സ് മാത്രം ! ട്വന്റി 20 ഫോര്‍മാറ്റില്‍ ഇന്ത്യക്കായി സഞ്ജു മികച്ച പ്രകടനം നടത്തിയിരിക്കുന്നത് ഓപ്പണര്‍ റോളിലാണ്. സ്വതസിദ്ധമായ ശൈലിയില്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കണമെങ്കില്‍ സഞ്ജുവിനു വേണ്ടതും ഓപ്പണര്‍ സ്ഥാനം തന്നെ.
ഇനി ഫിനിഷര്‍ റോളില്‍ സഞ്ജുവിനെ ഇറക്കാമെന്ന് വെച്ചാലും കടമ്പകളുണ്ട്. ഐപിഎല്ലില്‍ ഗംഭീര പ്രകടനം നടത്തിയ ജിതേഷ് ശര്‍മയാണ് സഞ്ജുവിന്റെ വെല്ലുവിളി. 11 കളികളില്‍ നിന്ന് 176.35 സ്‌ട്രൈക് റേറ്റില്‍ 261 റണ്‍സ് നേടിയ ജിതേഷ് നില്‍ക്കുമ്പോള്‍ ഒന്‍പത് കളികളില്‍ നിന്ന് 140.69 സ്‌ട്രൈക് റേറ്റുള്ള സഞ്ജുവിനെ ഫിനിഷര്‍ റോളിലേക്ക് കൊണ്ടുവരാന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ മടിക്കും.
മാത്രമല്ല അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഗില്ലോ സഞ്ജുവോ ഓപ്പണറാകുമെന്നാണ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞത്. ഗില്ലിന്റെയും ജയ്‌സ്വാളിന്റെയും അഭാവത്തിലാണ് സഞ്ജു ഇന്ത്യക്കായി ഓപ്പണറായി കളിച്ചതെന്നും അഗാര്‍ക്കര്‍ പറയുന്നു. അതായത് ഗില്‍ തിരിച്ചെത്തുമ്പോള്‍ സ്വാഭാവികമായി സഞ്ജുവിന്റെ ഓപ്പണര്‍ സ്ഥാനം നഷ്ടപ്പെടുമെന്ന പരോക്ഷ സൂചനയാണ് ഈ വാക്കുകളില്‍.