Thiruvananthapuram|
രേണുക വേണു|
Last Modified ബുധന്‍, 3 സെപ്‌റ്റംബര്‍ 2025 (08:49 IST)
Sanju Samson: കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഉപനായകസ്ഥാനം ഒഴിഞ്ഞ സഞ്ജു സാംസണ്‍ ഇനി ഏഷ്യാ കപ്പിനായുള്ള ഒരുക്കങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. കൊച്ചിക്ക് സെമി ബെര്‍ത്ത് ഉറപ്പിച്ച ശേഷമാണ് സഞ്ജു കെസിഎല്‍ അവസാനിപ്പിച്ചിരിക്കുന്നത്.
ഏഷ്യാ കപ്പിനായുള്ള ഇന്ത്യന്‍ ടീം യുഎഇയിലേക്ക് പറക്കുമ്പോള്‍ ഒപ്പം സഞ്ജുവും ഉണ്ടാകും. കെസിഎല്ലില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് താരം ഏഷ്യാ കപ്പിനു പോകുന്നത്. കെസിഎല്ലില്‍ അഞ്ച് ഇന്നിങ്സുകളില്‍ നിന്ന് 73.60 ശരാശരിയില്‍ 368 റണ്‍സാണ് സഞ്ജു നേടിയിരിക്കുന്നത്. സ്ട്രൈക് റേറ്റ് 186.80 ആണ്. ലീഗിലെ റണ്‍വേട്ടയില്‍ രണ്ടാമന്‍. ലീഗില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ പറത്തിയത് സഞ്ജുവാണ്. അഞ്ച് ഇന്നിങ്സുകളില്‍ നിന്ന് 30 സിക്സുകള്‍. 24 ഫോറുകളും താരം നേടി.
ഒന്‍പത് മത്സരങ്ങളില്‍ നിന്ന് ഏഴ് ജയവുമായി 14 പോയിന്റ് നേടിയാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് കെസിഎല്‍ സെമിയില്‍ എത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്‍പതിനു അബുദാബിയില്‍ ആണ് ഏഷ്യാ കപ്പിനു തുടക്കം. സെപ്റ്റംബര്‍ 10 ബുധനാഴ്ച യുഎഇയ്ക്കെതിരെ ഇന്ത്യയുടെ ആദ്യ കളി. ആദ്യ മത്സരത്തില്‍ സഞ്ജു ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കുമോ എന്നറിയാന്‍ ആരാധകര്‍ വലിയ കാത്തിരിപ്പിലാണ്. കെസിഎല്ലിലെ മികച്ച പ്രകടനം കണക്കിലെടുത്ത് ആദ്യ മത്സരത്തില്‍ സഞ്ജുവിനു അവസരം നല്‍കാനാണ് സാധ്യത.