രേണുക വേണു|
Last Modified ചൊവ്വ, 23 സെപ്‌റ്റംബര്‍ 2025 (07:33 IST)
Sahibsada Farhan: ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ റൗണ്ടില്‍ ഇന്ത്യക്കെതിരെ അര്‍ധ സെഞ്ചുറി നേടിയ ശേഷം പാക്കിസ്ഥാന്‍ ഓപ്പണര്‍ സാഹിബ്‌സദാ ഫര്‍ഹാന്‍ നടത്തിയ ആഘോഷപ്രകടനം വിവാദമായിരിക്കുകയാണ്. എകെ-47 കൊണ്ട് വെടിയുതിര്‍ക്കുന്ന ആംഗ്യം കാണിച്ചാണ് ഫര്‍ഹാന്‍ ഇന്ത്യക്കെതിരായ അര്‍ധ സെഞ്ചുറി ആഘോഷിച്ചത്. തന്റെ സെലിബ്രേഷനില്‍ ആര് എന്ത് വിചാരിച്ചാലും തനിക്കൊരു കുഴപ്പവുമില്ലെന്ന് പറയുകയാണ് ഫര്‍ഹാന്‍.
അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ അങ്ങനെ ആഘോഷിക്കാനാണ് തനിക്കു തോന്നിയതെന്നും അതിന്റെ പേരില്‍ മറ്റുള്ളവര്‍ എന്ത് വിചാരിച്ചാലും തനിക്കൊന്നുമില്ലെന്നും ഫര്‍ഹാന്‍ മത്സരശേഷം പ്രതികരിച്ചു. ' അപ്പോള്‍ അങ്ങനെ ചെയ്യാന്‍ തോന്നി, അത് ചെയ്തു. ഞാന്‍ വളരെ അപൂര്‍വ്വമായി മാത്രമേ അര്‍ധ സെഞ്ചുറികള്‍ ആഘോഷിക്കാറുള്ളൂ. ഇന്ത്യക്കെതിരെ അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ അതൊന്ന് ആഘോഷിക്കാമെന്ന് തോന്നി. അപ്പോള്‍ മനസ്സില്‍ തോന്നിയത് ചെയ്തു. ആളുകള്‍ അതിനെ എങ്ങനെ എടുക്കമെന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല. ആളുകള്‍ എന്ത് വിചാരിച്ചാലും എനിക്കൊന്നുമില്ല,' ഫര്‍ഹാന്‍ പറഞ്ഞു.
45 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം 58 റണ്‍സ് നേടിയ ഫര്‍ഹാന്‍ ആണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനു പാക്കിസ്ഥാനെ തോല്‍പ്പിച്ചു. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ ഏഴ് പന്തുകള്‍ ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഫര്‍ഹാന്റെ എകെ-47 സെലിബ്രേഷന്‍ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ പാക്കിസ്ഥാന്‍ ആരാധകര്‍ വലിയ ആഘോഷമാക്കിയിരുന്നു.