അഭിറാം മനോഹർ|
Last Modified ചൊവ്വ, 20 ഫെബ്രുവരി 2024 (13:55 IST)
ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ താരോദയമായി മാറിയിരിക്കുകയാണ് യുവതാരമായ യശ്വസി ജയ്‌സ്വാള്‍. ടി20 ക്രിക്കറ്റിലും ഇപ്പോഴിതാ ടെസ്റ്റിലും മികച്ച പ്രകടനങ്ങളാണ് താരം ഇന്ത്യയ്ക്കായി നടത്തുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ വിരേന്ദര്‍ സെവാഗിനെ പോലൊരു ഓപ്പണിംഗ് താരത്തെയാണ് ഇന്ത്യ ജയ്‌സ്വാളില്‍ കാണുന്നത്. സീനിയര്‍ താരങ്ങളായ വിരാട് കോലി,രോഹിത് ശര്‍മ എന്നിവരെല്ലാം കരിയറിന്റെ അവസാന സമയത്ത് നില്‍ക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയ വെളിച്ചം നല്‍കുന്നതാണ് ജയ്‌സ്വാളിന്റെ സാമിപ്യം.
ആഭ്യന്തര ലീഗില്‍ മുംബൈയ്ക്കായും തുടര്‍ന്ന് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായും നടത്തിയ പ്രകടനങ്ങളാണ് ജയ്‌സ്വാളിന്റെ കരിയര്‍ തന്നെ മാറ്റിമറിച്ചത്. എന്നാല്‍ ജയ്‌സ്വാള്‍ ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കുന്നതിന് മുന്‍പ് തന്നെ ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ ജയ്‌സ്വാളിന്റെ പൊട്ടന്‍ഷ്യല്‍ മനസിലാക്കിയിരുന്നു. യശ്വസിയുടെ ബാല്യകാല പരിശീലകനായ ജ്വാല സിങ്ങാണ് ഇതിനെ പറ്റി മനസ്സ് തുറന്നിരിക്കുന്നത്. രോഹിത്തിന്റെ ഒറ്റ ഫോണ്‍ കോളാണ് ജയ്‌സ്വാളിന്റെ കരിയര്‍ മാറ്റിയതെന്ന് ജ്യാല സിങ് പറയുന്നു.
നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയ്‌സ്വാള്‍ മുംബൈ ടീമിനായി ആഭ്യന്തര ലീഗില്‍ കളിക്കുന്ന സമയം. രോഹിത് ശര്‍മ സഹതാരങ്ങളുടെ ആരുടെയോ ഫോണില്‍ നിന്നും യശ്വസിയുടെ ഫോണിലേക്ക് വിളിച്ചു. എനിക്ക് നിന്നോട് സംസാരിക്കണം. ഞാനിപ്പോള്‍ നില്‍ക്കുന്ന ഇടത്ത് എത്തേണ്ടവനാണ് നീ എന്നായിരുന്നു യശ്വസിയോട് അന്ന് രോഹിത് പറഞ്ഞതിന്റെ ചുരുക്കം. രോഹിത് വിളിച്ചതിന് പിന്നാലെ യശ്വസി എന്നെ വിളിച്ച് ഇക്കാര്യം പറഞ്ഞു. രോഹിത് വിളിച്ചതില്‍ വലിയ ആവേശത്തിലായിരുന്നു ജയ്‌സ്വാള്‍. ജ്വാല സിങ് പറയുന്നു.
ഇന്ത്യയ്ക്കായി 7 ടെസ്റ്റ് മത്സരങ്ങളിലെ 13 ഇന്നിങ്ങ്‌സുകളില്‍ നിന്നും 71 റണ്‍സ് ശരാശരിയില്‍ 861 റണ്‍സാണ് ജയ്‌സ്വാള്‍ അടിച്ചെടുത്തത്. ചുരുങ്ങിയ ഈ കാലയളവില്‍ തന്നെ 2 ഇരട്ടസെഞ്ചുറികളും ഒരു സെഞ്ചുറിയും നേടാന്‍ താരത്തിനായി. 214* ആണ് ടെസ്റ്റില്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.