നേടിയ റൺസും സ്ട്രൈക്ക് റേറ്റ് പോലും ഒരേപോലെ, എന്നാലും ഇങ്ങനെയുണ്ടോ സാമ്യം, അത്ഭുതപ്പെടുത്തി രോഹിത്തും ബട്ട്‌ലറും

Rohit Sharma, Butler
അഭിറാം മനോഹർ| Last Modified വ്യാഴം, 27 ജൂണ്‍ 2024 (18:36 IST)
Rohit Sharma, Butler
ടി20 ലോകകപ്പ് സെമിയില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഇരു ടീമുകളിലെയും നായകന്മാരുടെ പ്രകടനത്തിലെ സാമ്യത കണ്ട് അമ്പരപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ എട്ടിലും ഒരു മത്സരം പോലും പരാജയപ്പെടാതെയായിരുന്നു ഇന്ത്യയുടെ സെമിഫൈനല്‍ പോരാട്ടമെങ്കില്‍ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ എട്ടിലും മത്സരങ്ങള്‍ തോറ്റ് തിരികെ വന്നാണ് ഇംഗ്ലണ്ട് സെമിയിലെത്തിയിരിക്കുന്നത്. ഇരു ടീമുകളുടെയും പ്രകടനത്തില്‍ പ്രകടമായ വ്യത്യാസമുണ്ടെങ്കിലും ടീം നായകന്മാരുടെ കാര്യത്തില്‍ അത് അങ്ങനെയല്ല.

ഈ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ടോപ് സ്‌കോറര്‍ രോഹിത്താണെങ്കില്‍ ഇംഗ്ലണ്ടിന് അത് ജോസ് ബട്ട്ലറാണ്. 191 റണ്‍സ് വീതമാണ് ഇരുവരും ഈ ലോകകപ്പില്‍ നേടിയത്. ഇത് മാത്രമല്ല സമാനത ഇരുവരും നേരിട്ടത് 120 പന്തുകളാണ്. ഇതോടെ രണ്ട് താരങ്ങള്‍ക്കും 159.16 എന്ന സ്‌ട്രൈക്ക് റേറ്റാണുള്ളത്. ലോകകപ്പില്‍ മാത്രമല്ല ഈ വര്‍ഷം ഇരുവരും കളിച്ച മത്സരങ്ങളിലും സമാനതയുണ്ട്. 9 ടി20 മത്സരങ്ങളിലാണ് ഇരു താരങ്ങളും ഈ വര്‍ഷം കളിച്ചത്. കളിച്ച 9 മത്സരങ്ങളില്‍ 192 പന്തുകളാണ് 2 താരങ്ങളും നേരിട്ടത്. ഈ വര്‍ഷം കളിച്ച 9 മത്സരങ്ങളില്‍ 2 തവണയാണ് ഒരുവരും പുറത്താകാതെ നിന്നത്. 2 അര്‍ധസെഞ്ചുറികളാണ് ഇരു താരങ്ങളും നേടിയത്.


ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങളിലും സൂപ്പര്‍ എട്ടിലും തന്നെ കാര്യമായ പ്രകടനം പുറത്തെടുക്കാനാകാതിരുന്ന ബട്ട്ലര്‍ സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ അമേരിക്കക്കെതിരെ 38 പന്തില്‍ 83 റണ്‍സാണ് നേടിയത്. രോഹിത്താകട്ടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഓസീസിനെതിരെ 41 പന്തില്‍ 91 റണ്‍സുമായി തിളങ്ങിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :