ചിപ്പി പീലിപ്പോസ്|
Last Modified ബുധന്‍, 8 ജനുവരി 2020 (14:12 IST)
ഈ വര്‍ഷം ഒക്ടോബറില്‍ ആരംഭിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പ് നടത്തുകയാണ് ടീം ഇന്ത്യ. ഇനിയുള്ള ഓരോ മത്സരങ്ങളും അതിന്റെ ഭാഗമായിരിക്കും. പ്രഥമ ടി20 ലോകകപ്പിലെ ജേതാക്കളായ
ഇന്ത്യ ഇത്തവണ കിരീടം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങുക.
തിരശീലയ്ക്ക് പിന്നിൽ പടയൊരുക്കം തുടങ്ങി കഴിഞ്ഞു. ടി20 ലോകകപ്പില്‍ കളിക്കാന്‍ സാധ്യതയുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ടെസ്റ്റ് ഇതിഹാസം വിവിഎസ് ലക്ഷ്മണ്‍. ലക്ഷ്മൺ ടീം പ്രഖ്യാപിച്ചപ്പോൾ അതിൽ അപ്രത്യക്ഷ്യമായ രണ്ട് വമ്പൻ കളിക്കാരുണ്ട്.
പ്രഥമ ടി20 ലോകകപ്പ് ഇന്ത്യക്കു നേടിത്തന്ന ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയും സ്റ്റാര്‍ ഓപ്പണര്‍ ശിഖര്‍ ധവാനുമാണ് ആ രണ്ട് പേർ. ഇവർ രണ്ടു പേരുമില്ലാത്ത ടീമിനെയാണ് ലക്ഷ്മൺ പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിനു ശേഷം ടീമില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ധോണി. ഇനി അദ്ദേഹം ദേശീയ ടീമില്‍ തിരിച്ചെത്തുമോയെന്ന കാര്യത്തിലും അവ്യക്ത തുടരുകയാണ്. എന്നിരുന്നാലും ടി20 ലോകകപ്പിൽ ധോണി മത്സരിക്കുമെന്ന് ആരാധകർ കരുതിയപ്പോഴാണ് ലക്ഷമണിന്റെ പുതിയ നീക്കം. ധവാനാവട്ടെ ഇപ്പോള്‍ പഴയ ബാറ്റിങ് മികവ് പുറത്തെടുക്കാന്‍ കഴിയാതെ നിരാശപ്പെടുത്തുകയാണ്.
പരിക്കു കാരണം ധവാന്‍ ടീമിനു പുറത്തിരുന്നപ്പോള്‍ പകരക്കാരനായി ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ച ലോകേഷ് രാഹുല്‍ മിന്നുന്ന പ്രകടനമാണ് നടത്തുന്നത്. ഓപ്പണിംഗ് സ്ഥാനത്തേക്ക് മറ്റൊരാളെ നോക്കണ്ട എന്ന താക്കീത് നൽകുന്നതായിരുന്നു രാഹുലിന്റെ ഓരോ പ്രകടനവും.
രോഹിത് ശർമയും വിരാട് കോഹ്ലിയും ജസ്പ്രിത് ബുംമ്രയും അരങ്ങ് വാഴുന്ന ടീമിൽ റിഷഭ് പന്തിനെ ഉൾപ്പെടുത്തിയതും ധോണിയെ ഒഴിവാക്കിയതും ആരാധകർക്ക് അതിശയമായി. ലക്ഷ്മണിന്റെ ഈ തിരഞ്ഞെടുപ്പ് വിശ്വസിക്കാനാകാത്തവരും ഉണ്ട്.