അവൻ അടിച്ച റൺസിനേക്കാൾ കൂടുതൽ ഓവറുകൾ ബൗൾ ചെയ്തുകഴിഞ്ഞു, ജോ റൂട്ടിനെ പരിഹസിച്ച് ശാസ്ത്രി

അഭിറാം മനോഹർ| Last Modified ഞായര്‍, 18 ഫെബ്രുവരി 2024 (10:50 IST)
ലോകക്രിക്കറ്റില്‍ ഇന്നുള്ള കളിക്കാരില്‍ ഏറ്റവും മികച്ച താരങ്ങളില്‍ ഉള്‍പ്പെടുന്ന താരമാണ് ജോ റൂട്ട്. ഇംഗ്ലണ്ട് ടീമിലെ ഏറ്റവും മികച്ച ബാറ്ററെന്ന വിശേഷണം സ്വന്തമായുണ്ടായിട്ടും ഉപഭൂഖണ്ഡത്തില്‍ മികച്ച ബാറ്റിംഗ് റെക്കോര്‍ഡ് കൈവശമുണ്ടായിട്ടും ഇത്തവണത്തെ ഇന്ത്യന്‍ പര്യടനത്തില്‍ അഞ്ച് ഇന്നിങ്ങ്‌സില്‍ നിന്നും 70 റണ്‍സ് മാത്രമാണ് താരം നേടിയത്. 3 വര്‍ഷം മുന്‍പ് ഇംഗ്ലണ്ട് ഇന്ത്യയില്‍ വന്നപ്പോള്‍ തന്റെ നൂറാം ടെസ്റ്റില്‍ ഇരട്ടസെഞ്ചുറിയുമായാണ് റൂട്ട് തിളങ്ങിയത്. എന്നാല്‍ നിലവിലെ പരമ്പരയില്‍ പ്രധാനമായും ഓഫ്‌സ്പിന്നര്‍ എന്ന നിലയിലാണ് റൂട്ടിനെ ടീം പ്രയോജനപ്പെടുത്തുന്നത്.

ഇന്ത്യക്കെതിരായ മൂന്നാമത്തെ ടെസ്റ്റ് മത്സരത്തിലെ മൂന്നാം ദിനത്തില്‍ തന്റെ ഒന്‍പതാമത് ഓവര്‍ എറിയാന്‍ തുടങ്ങിയപ്പോള്‍ റൂട്ടിന്റെ ഈ ദയനീയാവസ്ഥയെ പരിഹസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനായ രവിശാസ്ത്രി. റൂട്ട് ഈ സീരീസിലെ തന്റെ 89മത് ഓവറാണ് എറിയുന്നതെന്നും ഈ സീരീസില്‍ റൂട്ട് നേടിയ റണ്‍സിനേക്കാള്‍ കൂടുതല്‍ ഓവറുകള്‍ താരം എറിഞ്ഞുകഴിഞ്ഞുവെന്നും ശാസ്ത്രി പരിഹസിച്ചു. 7 വിക്കറ്റുകള്‍ റൂട്ട് ഇംഗ്ലണ്ടിനായി സ്വന്തമാക്കിയെന്നും താരം കൂട്ടിചേര്‍ത്തു.

സാക് ക്രൗളി, ബെന്‍ ഡെക്കറ്റ് എന്നീ ഓപ്പണര്‍മാരും ഒലി പോപ്പ്,ബെന്‍ സ്‌റ്റോക്‌സ് തുടങ്ങിയ താരങ്ങളും ഇന്ത്യക്കെതിരെ തങ്ങളുടെ ബാറ്റിംഗ് മികവ് പ്രദര്‍ശിപ്പിച്ചെങ്കിലും ടീമിലെ പ്രധാനതാരമായ റൂട്ടിന്റെ ഫോമില്ലായ്മയാണ് ഇംഗ്ലണ്ടിനെ വലയ്ക്കുന്നത്. മധ്യനിരയുടെ ഒരറ്റം കാക്കുന്നതില്‍ റൂട്ട് പരാജയമാകുന്നതാണ് പല മത്സരങ്ങളിലും വമ്പന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും ഇംഗ്ലണ്ടിനെ പിറകോട്ടടിക്കുന്നത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :