അഭിറാം മനോഹർ|
Last Modified വെള്ളി, 28 ഫെബ്രുവരി 2020 (11:26 IST)
ആദ്യ ടെസ്റ്റില്‍ നേരിട്ടത് പോലെയൊരു നാണക്കേട് ന്യൂസിലാന്‍ഡിനെതിരേയുള്ള രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കു നേരിടേണ്ടി വരില്ലെന്ന് ഇന്ത്യൻ ഉപനായകനായ അജിങ്ക്യ രഹാനെ.നാളെ ക്രൈസ്റ്റ്ചർച്ചിൽ നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ആക്രമണോത്സുകമായി കളിക്കണമെന്ന നായകൻ കോലിയുടെ പ്രസ്ഥാവനയോടും താരം പ്രതികരിച്ചു.
രണ്ടാം ടെസ്റ്റിൽ ആക്രമിച്ചുകളിക്കണമെന്ന് താൻ പറയില്ലെന്നാണ് രഹാനെ പറയുന്നത്.ആക്രമണോത്സുക ബാറ്റിങ്ങല്ല മറിച്ച് തെളിഞ്ഞ മനസ്സോടെ ബാറ്റ് ചെയ്യുക എന്നാതാണ് പ്രധാനമെന്നും ഇതായിരിക്കും ടീമിനെ സഹായിക്കുകയെന്നും രഹാനെ ചൂണ്ടിക്കാട്ടി.ആദ്യ ടെസ്റ്റില്‍ കൃത്യമായ പ്ലാനിങോടെയാണ് ന്യൂസിലാന്‍ഡ് ബൗളര്‍മാര്‍ പന്തെറിഞ്ഞത്.രണ്ടാമിന്നിങ്സിൽ നിരന്തരം ഷോർട്ട് ബോളുകൾ എറിഞ്ഞ് അവർ ഇന്ത്യൻ ബാറ്റ്സ്മാന്മാരെ സമ്മർദ്ദത്തിലാക്കി.ഇതാണ് അവരുടെ വിജയത്തിന്റെ കാരണമെന്നും രഹാനെ വിശദമാക്കി. വെല്ലിങ്ടണില്‍ സംഭവിച്ചതു മറക്കാനാണ് ടീം ശ്രമിക്കുന്നതെന്നും രഹാനെ കൂട്ടിച്ചേർത്തു.
അതേസമയം പരിശീലന സെഷനില്‍ ബൗണ്‍സറുകള്‍ നേരിടുന്നതിനും വ്യത്യസ്തമായ ആംഗിളുകളിലുള്ള പന്തുകള്‍ക്കെതിരേ കളിക്കുന്നതിനുമാണ് ബാറ്റ്‌സ്മാന്‍മാര്‍ കൂടുതല്‍ സമയം ചെലവിട്ടത്. എത്രതന്നെ പരിശീലനം നടത്തിയാലും ബാറ്റ്‌സ്മാന്‍ സ്വന്തം കഴിവില്‍ വിശ്വാസം അര്‍പ്പിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ കളിക്കളത്തിലെ സമ്മര്‍ദ്ദത്തിനു കീഴടങ്ങി പുറത്താവേണ്ടി വരുമെന്നും രഹാനെ പറഞ്ഞു.