രേണുക വേണു|
Last Modified വെള്ളി, 9 സെപ്‌റ്റംബര്‍ 2022 (11:46 IST)
Predictable Squad for Twenty 20 World Cup: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് ഉടന്‍ പ്രഖ്യാപിക്കും. സെലക്ടര്‍മാരും ബിസിസിഐ അധികൃതരും തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ നിന്ന് ഏതാനും മാറ്റങ്ങള്‍ ട്വന്റി 20 ലോകകപ്പിലേക്ക് എത്തുമ്പോള്‍ ഉണ്ടാകും.
രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായി രണ്ട് പേരെയാണ് പരിഗണിക്കുന്നത്. കെ.എല്‍.രാഹുലും ഇഷാന്‍ കിഷനും. ഇടംകയ്യന്‍ ബാറ്ററാണെന്നത് ഇഷാന്‍ കിഷന് കൂടുതല്‍ പരിഗണന നല്‍കുന്നു. ഏഷ്യാ കപ്പിലെ രാഹുലിന്റെ മോശം ഫോമില്‍ സെലക്ടര്‍മാര്‍ക്ക് ആശങ്കയുണ്ട്.
വിരാട് കോലി മൂന്നാം നമ്പറിലും സൂര്യകുമാര്‍ യാദവ് നാലാം നമ്പറിലും ബാറ്റ് ചെയ്യും. ഇവര്‍ക്ക് ബാക്കപ്പായി ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ എന്നിവരെയാണ് സെലക്ടര്‍മാര്‍ പരിഗണിക്കുന്നത്.
റിഷഭ് പന്ത്, സഞ്ജു സാംസണ്‍, ദിനേശ് കാര്‍ത്തിക്ക് എന്നിവരെയാണ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കുക. ഇതില്‍ റിഷഭ് പന്തിന്റെ കാര്യം ഇപ്പോഴും ആശങ്കയിലാണ്. ട്വന്റി 20 ഫോര്‍മാറ്റില്‍ പന്ത് തുടര്‍ച്ചയായി നിരാശപ്പെടുത്തുകയാണെന്നാണ് സെലക്ടര്‍മാരുടെ അഭിപ്രായം.
ഓള്‍റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെയാണ് പ്രധാനമായി പരിഗണിക്കുന്നത്. ബാക്കപ്പ് ഓപ്ഷനായി അക്ഷര്‍ പട്ടേലിനെയും ദീപക് ചഹറിനെയും ഉള്‍പ്പെടുത്തിയേക്കും.
യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌ണോയ് എന്നിവരെയാണ് സ്പിന്നര്‍മാരായി പരിഗണിക്കുന്നത്. ജസ്പ്രീത് ബുംറ, ബുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരായിരിക്കും പേസര്‍മാര്‍.