അഭിറാം മനോഹർ|
Last Modified ബുധന്‍, 26 ഏപ്രില്‍ 2023 (12:44 IST)
മുംബൈ ഇന്ത്യൻസ് ഏറെ പ്രതീക്ഷ വെച്ച യുവതാരമാണ് വിക്കറ്റ് കീപ്പർ ബാറ്ററായ ഇഷാൻ കിഷൻ. ഏകദിന, ടി20 ടീമുകളിൽ റിഷഭ് പന്തിന് പകരക്കാരനായി പരിഗണിക്കപ്പെടുന്ന താരത്തെ 15.25 കോടി രൂപ നൽകിയാണ് മുംബൈ തങ്ങളുടെ ടീമിൽ നിലനിർത്തിയത്. പോക്കറ്റ് ഡൈനമേറ്റ് എന്ന് വിളിപ്പേരുള്ള താരം ഐപിഎല്ലിൽ മികച്ച ചില പ്രകടനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും 2023ൽ താരത്തെ വമ്പൻ വിലയ്ക്ക് വാങ്ങിയ ശേഷം മികച്ച പ്രകടനങ്ങൾ ഒന്നും തന്നെ മുംബൈയ്ക്ക് വേണ്ടി നടത്തിയിട്ടില്ല.
2022 സീസണിൽ 14 മത്സരങ്ങളിൽ നിന്നും 32. 15 ശരാശരിയിൽ 418 റൺസാണ് താരം നേടിയത്. ഈ വർഷമാകട്ടെ വമ്പൻ വിലയ്ക്ക് സ്വന്തമാക്കിയ താരം കൊൽക്കത്തയ്ക്കെതിരെ നേടിയ 58 റൺസ് മാത്രമാണ് എടുത്ത് പറയത്തക്കതായി നടത്തിയ പ്രകടനമായുള്ളത്. ഈ സീസണിൽ 10,32,31,58,25,1,13 എന്നിങ്ങനെയാണ് താരത്തിൻ്റെ സ്കോറുകൾ. ഗുജറാത്ത് ടൈറ്റൻസിനെതിരെ 208 എന്ന വിജയലക്ഷ്യവുമായി ബാറ്റ് ചെയ്യുമ്പോൾ 21 പന്തിൽ നിന്നും 61 സ്ട്രൈക്ക്റേറ്റിൽ 13 റൺസ് മാത്രമാണ് താരം നേടിയത്.
പോക്കറ്റ് ഡൈനമേറ്റ് മുംബൈയുടെ പോക്കറ്റിലിരുന്ന് പൊട്ടിയ അവസ്ഥയാണ് ഇപ്പോഴുള്ളതെന്നാണ് താരത്തിൻ്റെ പ്രകടനത്തെ പറ്റി ആരാധകരും പറയുന്നത്. പവർ പ്ലേയിൽ റൺസ് അടിച്ചുകയറ്റാനോ സ്പിൻ ബൗളിങ്ങിനെ പ്രതിരോധിക്കാനോ താരത്തിനാകുന്നില്ലെന്ന് താരത്തിൻ്റെ സമീപകാല പ്രകടനങ്ങൾ സാക്ഷ്യം വഹിക്കുന്നു. സ്പിന്നർമാർക്കെതിരെ വലയുന്ന താരത്തിനായി 15 കോടി രൂപ മുടക്കി വലിയ അബദ്ധമാണ് മുംബൈ ചെയ്തതെന്നും ആരാധകർ കുറ്റപ്പെടുത്തുന്നു.