രേണുക വേണു|
Last Modified ചൊവ്വ, 15 ഒക്‌ടോബര്‍ 2024 (09:28 IST)
വനിത ലോകകപ്പില്‍ സെമി ഫൈനല്‍ കാണാതെ ഇന്ത്യ പുറത്ത്. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ പാക്കിസ്ഥാന്‍ ന്യൂസിലന്‍ഡിനോടു ദയനീയമായി തോറ്റതോടെയാണ് ഇന്ത്യയുടെ വഴി അടഞ്ഞത്. പാക്കിസ്ഥാന്‍ ജയിച്ചിരുന്നെങ്കില്‍ ഇന്ത്യക്ക് സെമിയില്‍ കയറാനുള്ള സാധ്യതകള്‍ ഉണ്ടായിരുന്നു. ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡുമാണ് ഗ്രൂപ്പ് എയില്‍ നിന്ന് സെമി ഫൈനലിലേക്കു ക്വാളിഫൈ ചെയ്ത ടീമുകള്‍.
വെറും 111 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റ് ചെയ്യാനിറങ്ങിയ പാക്കിസ്ഥാന്‍ 56 ന് ഓള്‍ഔട്ട് ആകുകയായിരുന്നു. 54 റണ്‍സിന്റെ വിജയമാണ് കിവീസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് നേടിയപ്പോള്‍ പാക്കിസ്ഥാന്റെ ഇന്നിങ്‌സ് 11.4 ഓവറില്‍ 56 ന് അവസാനിച്ചു.
നാല് മത്സരങ്ങളില്‍ നാലും ജയിച്ച ഓസ്‌ട്രേലിയയാണ് ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനക്കാരായ സെമിയില്‍ എത്തിയിരിക്കുന്നത്. നാല് മത്സരങ്ങളില്‍ മൂന്ന് ജയത്തോടെ ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനത്താണ്. നാല് കളികളില്‍ രണ്ടെണ്ണം ജയിച്ച ഇന്ത്യയാണ് മൂന്നാമത്. പാക്കിസ്ഥാന്‍ നാലാമതും ശ്രീലങ്ക അഞ്ചാമതുമാണ്. ന്യൂസിലന്‍ഡിനോടും ഓസ്‌ട്രേലിയയോടും തോല്‍വി വഴങ്ങിയതാണ് ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ക്ക് വിലങ്ങുതടിയായത്.