പെര്‍ത്ത്|
jibin|
Last Modified തിങ്കള്‍, 11 ജനുവരി 2016 (17:34 IST)
ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയ്‌ക്ക് നാളെ തുടക്കമാകാനിരിക്കെ ടീം ഇന്ത്യയില്‍ ആശങ്കകള്‍. ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ഏത് സ്ഥാനത്ത് ഇറങ്ങണമെന്നാണ് നിലവിലെ ആശങ്കള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ആറാമതും ഏഴാമതുമായി ഇറങ്ങിയിരുന്ന ഇന്ത്യന്‍ നായകന്‍ ടെസ്‌റ്റില്‍ നിന്ന് വിരമിച്ചശേഷം നാലാം നമ്പറില്‍ ഇറങ്ങാന്‍ താല്‍പ്പര്യപ്പെടുന്നതാണ് പുതിയ സാഹചര്യത്തിന് കാരണമായത്.
നാലാം നമ്പറിലിറങ്ങിയിരുന്ന സുരേഷ് റെയ്‌ന ടീമില്‍ ഇല്ലാത്തതിനാല്‍ നാലാം സ്ഥാനത്ത് ധോണി ഇറങ്ങി ആറാം സ്ഥാനവും ഏഴാം സ്ഥാനവും പുതുമുഖങ്ങളായ മനീഷ് പാണ്ഡെ, ഗുര്‍കീരത് മാന്‍ എന്നിവര്‍ക്ക് നല്‍കാനും സാധ്യതയുണ്ട്. വിരാട് കോഹ്‌ലി
മൂന്നാമനായി ഇറങ്ങുന്ന കാര്യത്തിലും ധോണിക്ക് ചില്ലറ ആശയക്കുഴപ്പമുണ്ട്. അജിന്‍ക്യ രഹാനെ, വിരാട് കോഹ്‌ലി
എന്നിവരില്‍ ആരുവേണം എന്നതാണ് ഇത്. രഹാനെയെ മറികടന്ന് കോഹ്‌ലിക്ക് തന്റെ ഇഷ്ട പൊസിഷനില്‍ കളിക്കാന്‍ അവസരം കിട്ടിയേക്കും. അങ്ങനെ ആയാല്‍ രഹാനെ നാലമനായെത്തും. അതിനുശേഷമാകും ധോണി ക്രീസിലെത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. മനീഷ് പാണ്ഡെ, ഗുര്‍കീരത് മാന്‍ എന്നിവരില്‍ ഒരാള്‍ ആറാം നമ്പര്‍ കളിക്കാന്‍ പ്രാപ്തനാണെങ്കില്‍ ധോണി അഞ്ചാമതും അല്ലെങ്കില്‍ ഇവരില്‍ ഒരാള്‍ക്ക് ശേഷം ആറാമതും വരാനാണ് സാധ്യത.
എന്നാല്‍, പേസും ബൌണ്‍സും നിറഞ്ഞ പെര്‍ത്തിലെ പിച്ചുകളില്‍ ജയം നേടാമെന്ന ആത്മവിശ്വാസത്തിലാണ് മഹേന്ദ്ര സിംഗ് ധോണിയും സംഘവും. രണ്ടു പരിശീലന മത്സരങ്ങളിലും തകര്‍പ്പന്‍ ജയം നേടി വിജയസാധ്യത നിലനിര്‍ത്തിയെങ്കിലും പേസര്‍
മുഹമ്മദ് ഷാമി പരുക്കേറ്റ് മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയാകും. പകരക്കാരന്‍ ഭുവനേശ്വര്‍കുമാര്‍ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. പെര്‍ത്തില്‍ പടിഞ്ഞാറന്‍ ഓസ്ട്രേലിയയ്ക്കെതിരേ നടന്ന സന്നാഹ മത്സരത്തിനിടെ ഷമിയുടെ കണങ്കാലിന് പരുക്കേല്‍ക്കുകയായിരുന്നു.
അതേസമയം, യുവാക്കളടങ്ങുന്ന ടീമുമായിട്ടാണ് സ്‌റ്റീവ് സ്‌മിത്ത് പെര്‍ത്തിലെത്തുന്നത്. പരുക്കുമൂലം മിച്ചല്‍ സ്‌റ്റാര്‍ക്ക് കളിക്കാത്തത് അവര്‍ക്കു തിരിച്ചടിയാകുമെങ്കിലും പുതുമുഖങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തി ഇന്ത്യയെ ഭയപ്പെടുത്താമെന്നാണ് കങ്കാരുക്കള്‍ വിചാരിക്കുന്നത്. പെര്‍ത്തില്‍ രാവിലെ 8.50 മുതലാണ് മത്സരം നടക്കുക. അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളുമാണ് ഓസീസ് പര്യടനത്തില്‍ ഉള്‍പ്പെടുന്നത്.