ഗോൾഡ ഡിസൂസ|
Last Modified ചൊവ്വ, 19 നവംബര്‍ 2019 (11:53 IST)
ഇന്ത്യൻ കുപ്പായത്തിൽ നിരന്തരം തന്റെ മികച്ച പ്രകടനങ്ങൾ കൊണ്ട് അത്ഭുതപെടുത്തുന്ന കളിക്കാരനാണ് ജസ്പ്രിത് ബുംമ്ര. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്‌റ്റ് പരമ്പരയില്‍ നിന്നും പരുക്കേറ്റ് പുറത്തായ ഇന്ത്യന്‍ പേസര്‍ ബുമ്രയാണ് നിലവിലെ മികച്ച ബൌളറെന്ന് ഏവരും ഒരേസ്വരത്തിലാണ് പറയുന്നത്. എന്നാൽ, പരുക്കിനെ തുടർന്ന് ബുമ്ര പുറത്തായതോടെ ഇന്ത്യയ്ക്കായി കളം നിറഞ്ഞ് കളിക്കുന്നത് മുഹമ്മദ് ഷമിയാണ്.
ലോകക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ബൗളര്‍ ഇന്ത്യന്‍ താരം മൊഹമ്മദ് ഷാമിയാണെന്ന് സൗത്താഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ പറയുന്നു. തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് ഇപ്പോഴത്തെ ഏറ്റവും മികച്ച ബൗളര്‍ ആരാണെന്ന ചോദ്യത്തിന് നിലവിലെ ഫോമില്‍ ഷാമിയാണെന്ന് സ്റ്റെയ്ന്‍ മറുപടി നല്‍കിയത്.
കരിയറിന്റെ ഒരു സമയത്ത് ഭാര്യയുടെ ആരോപണങ്ങളും തുടർന്നുണ്ടായ കേസുകളും മറ്റുമായി വിവാദങ്ങളിലും അകപെട്ടിട്ടുണ്ട് ഈ ഇന്ത്യൻ താരം. എന്നാൽ തന്റെ തിരിച്ചുവരവിൽ ഇതൊന്നും തന്നെ ഒട്ടും ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് തിരിച്ചുവരവിലെ ഒരോ കളിയിലും ഷമി പുറത്തെടുത്തത്. ഈ വർഷം വെറും 7 ടെസ്റ്റുകളിൽ നിന്ന് 31 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.
ലോകകപ്പില്‍ ഹാട്രിക് അടക്കം ഇന്ത്യയ്ക്ക് വേണ്ടി 14 വിക്കറ്റുകള്‍ വീഴ്ത്തിയ ഷാമി വെസ്റ്റിന്‍ഡീസിനും സൗത്താഫ്രിയ്ക്കുമെതിരായ ടെസ്റ്റ് പരമ്ബരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഇന്‍ഡോറില്‍ നടന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തില്‍ രണ്ട് ഇന്നിങ്സില്‍ നിന്നുമായി ഏഴ് വിക്കറ്റുകളാണ് ഷാമി നേടിയത്. ഈ തകര്‍പ്പന്‍ പ്രകടനത്തോടെ റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്തും ഷാമിയെത്തി.
ഒരു ചീറ്റപുലിയേ പോലെയാണ് ഷമിയുടെ ബൗളിങ് എന്ന് സുനിൽ ഗവാസ്കറും പറയുന്നു. ബൗള്‍ ചെയ്യുന്നതിന് മുമ്പുള്ള ഷമിയുടെ ഓട്ടം സ്‌പൈഡര്‍ ക്യാം കൊണ്ട് ഒപ്പിയെടുത്താല്‍ അത് വല്ലാത്തൊരു കാഴ്ചയാണ്. ഒരു ചീറ്റപുലി തന്റെ ഇരയേ തേടി വരുന്ന വന്യതയുള്ള തരത്തിലാണ് ഷമി ബൗൾ ചെയ്യുവാൻ വരുന്നത്.