കൊളംബോ|
Last Modified ചൊവ്വ, 23 ജൂലൈ 2019 (14:28 IST)
ശ്രീലങ്കയുടെ വെറ്ററന്‍ താരം
ലസിത് മലിംഗ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. ജൂലായ് 26ന് ബംഗ്ലാദേശിനെതിരേ നടക്കുന്ന ആദ്യ ഏകദിനത്തിനു ശേഷം മലിംഗ വിരമിക്കുമെന്ന് ലങ്കന്‍ ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നെ വാര്‍ത്താ സമ്മേശനത്തില്‍ വ്യക്തമാക്കി.
“മലിംഗ ആദ്യ ഏകദിനം കളിക്കും. അതിനുശേഷം വിരമിക്കും. അങ്ങനെയാണ് അദ്ദേഹം പറഞ്ഞത്. സെലക്ടർമാരോട് അദ്ദേഹം പറഞ്ഞതെന്താണെന്ന് എനിക്കറിയില്ല, പക്ഷേ എന്നോട് ഒരു ഏകദിന മൽസരം മാത്രമേ കളിക്കൂവെന്നാണ് പറഞ്ഞത്” - എന്ന് കരുണരത്‌നെ പറഞ്ഞു.
ശ്രീലങ്കയില്‍ നടക്കുന്ന ബംഗ്ലാദേശിനെതിരായ മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനു ശേഷമാണ് വിരമിക്കുക. ജൂലൈ 26-നാണു മത്സരം. ഏകദിനത്തിൽനിന്നും വിരമിച്ചാലും അദ്ദേഹം ട്വന്റി-20 ക്രിക്കറ്റില്‍ തുടർന്നും കളിക്കും
ലങ്കയുടെ എക്കാലത്തേയും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളായ മലിംഗ ഏകദിനത്തില്‍ ലങ്കയ്ക്കായി കൂടുതല്‍ വിക്കറ്റുകള്‍ നേടിയ മൂന്നാമത്തെ താരമാണ് 35കാരനായ മലിംഗ. മുത്തയ്യ മുരളീധരനും ചാമിന്ദ വാസുമാണ് മുമ്പിലുള്ളത്. കഴിഞ്ഞ ലോകകപ്പില്‍ 13 വിക്കറ്റുകളാണ് താരം നേടിയത്.