അങ്ങനെ 2017 ന് ശേഷം അതും സംഭവിച്ചു: ആരാധകരെ തുടർച്ചയായി നിരാശരാക്കി കോലി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 14 മാര്‍ച്ച് 2022 (12:27 IST)
കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് ഇന്ത്യൻ സൂപ്പർ താരം വിരാട് കോലി കടന്നുപോകുന്നത് എന്ന കാര്യത്തിൽ ക്രിക്കറ്റ് വിദഗ്‌ധർക്കും അദ്ദേഹത്തിന്റെ ആരാധകർക്കും മറ്റൊരു അഭിപ്രായമുണ്ടാകില്ല. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലും നിരാശപ്പെടുത്തിയതോടെ ആരാധകർ ഭയന്ന ഒരു കാര്യം കൂടെ സംഭവിച്ചിരിക്കുകയാണ്.

ശ്രീലങ്കക്കെതിരായ പരമ്പരയിൽ ഒരു സെഞ്ചുറി പ്രകടനം താരത്തിൽ നിന്ന് പ്രതീക്ഷിച്ചെങ്കിലും ഇത്തവണയും കോലി ആരാധകരെ നിരാശപ്പെടുത്തുകയായിരുന്നു. ഇതോടെ 2017ന് ശേഷം കോലിയുടെ ടെസ്റ്റിലെ ബാറ്റിങ് ശരാശരി 50ന് താഴേക്ക് വീണു.

നിലവിൽ 49.95-ാണ് കോലിയുടെ ശരാശരി. ഇതോടെ മൂന്നു ഫോര്‍മാറ്റുകളിലും 50ല്‍ കൂടുതല്‍ ബാറ്റിങ് ശരാശരിയെന്ന കോലിയുടെ റെക്കോര്‍ഡും തകര്‍ന്നു. ഏകദിനത്തില്‍ 58.07, ടി20യില്‍ 51.5 എന്നിങ്ങനെയാണ് കോലിയുടെ ശരാശരി.കഴിഞ്ഞ രണ്ട് വർഷമായി സെഞ്ചുറികളൊന്നും തന്നെ നേടാൻ കോലിക്കായിട്ടില്ല. 2019 നവംബറില്‍ ബംഗ്ലാദേശിനെതിരെയാണ് കോലി അവസാന സെഞ്ചുറി നേടിയത്. അതു വരെയുള്ള കോലിയുടെ ശരാശരി 54.97 ആയിരുന്നു.

കോലിയുടെ ബാറ്റിങ് ശരാശരി ആദ്യമായി 50 കടന്നത് കരിയറിലെ 52ാമത്തെ ടെസ്റ്റിലായിരുന്നു.പിന്നീടൊരിക്കലും താരത്തിന്റെ ബാറ്റിങ് ശരാശരി 50ന് താഴേക്ക് പോയിട്ടില്ല. കരിയറിലെ 101ആം ടെസ്റ്റിലാണ് വീണ്ടും കോലിയുടെ ബാറ്റിങ് ശരാശരി 50ന് താഴെ എത്തിയിരിക്കുന്നത്. 2019ൽ 55.10 ആയിരുന്ന ബാറ്റിങ് ശരാശരിയാണ് 50ൽ താഴെ എത്തിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :