വെബ്ദുനിയ ലേഖകൻ|
Last Modified വ്യാഴം, 23 ജൂലൈ 2020 (14:44 IST)
മുംബൈ: രാജ്യാന്തര ക്രിക്കറ്റില്‍ 12 വര്‍ഷം പിന്നിട്ടതിന്റെ സന്തോഷം പങ്കിട്ട് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഈ നേട്ടത്തിന്റെ സന്തോഷം പങ്കുവച്ച് കോഹ്‌ലി രംഗത്തെത്തിയത്. 2008 മുതല്‍ 2020 വരെയുള്ള യാത്ര വ്യക്തമാക്കുന്ന ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് കോഹ്‌ലിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. 'ഈ യാത്രയില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായി. നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്കും സ്‌നേഹത്തിനും എന്നും നന്ദിയുള്ളവനായിരിക്കും.' എന്ന് കോഹ്‌ലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഈ പോസ്റ്റോടുകൂടി കോഹ്‌ലി ഇൻസ്റ്റഗ്രാമിൽ ആയിരം പോസ്റ്റ് തികച്ചു. '1000nth' പോസ്റ്റ് എന്ന ഹാഷ്ടാഗോടെയാണ് കോഹ്‌ലി പോസ്റ്റ് പങ്കുവച്ചിരിയ്ക്കുന്നത്. ഹര്‍ഭജന്‍ സിങും, അവതാരകന്‍ ഡാനിഷ് സെയ്തും കോഹ്‌ലിയുടെ പോസ്റ്റിന് കമന്റുകളുമായി എത്തി '2030 വരെ പോവൂ' എന്നായിരുന്നു ഹര്‍ഭജന്റെ കമന്റ്. 'കഴിഞ്ഞ രാത്രി കഴിച്ച ഡ്രിങ്ക്‌സിന്റെയാണോ? അല്ല അത് രണ്ട് കോഹ്‌ലി തന്നെ' എന്നാണ് ഡാനിഷ് കമന്റ് ചെയ്തത്.
2008 ഓഗസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്താണ് കോഹ്‌ലി അന്താരാഷ്ട്ര ക്രിക്കറ്റിലേയ്ക്ക് അരങ്ങേറ്റം കുറിയ്ക്കുന്നത്. ഏകദിനത്തിൽ അരങ്ങെറ്റം കുറിച്ച് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് കോഹ്‌ലി ടെസ്റ്റ് കളിയ്ക്കുന്നത്. 100 ടെസ്റ്റ് എന്ന നേട്ടത്തിലേക്ക് എത്താന്‍ 14 മത്സരങ്ങള്‍ മാത്രമാണ് ഇനി കോഹ്‌ലിക്ക് വേണ്ടത്. 248 ഏകദിനങ്ങളും 82 ട്വന്റി20യും കോഹ്‌ലി ഇതുവരെ കളിച്ചത്.