K L Rahul : രാഹുകാലം കഴിഞ്ഞു, ഏഷ്യാകപ്പിന് ശേഷം നിങ്ങൾ കാണുന്നത് രാഹുൽ 2.0!

K L  Rahul
അഭിറാം മനോഹർ| Last Modified ശനി, 27 ജനുവരി 2024 (15:05 IST)
ഐപിഎല്ലിനിടെയേറ്റ പരിക്കിനെ തുടര്‍ന്ന് നീണ്ടക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് 2023ല്‍ നടന്ന ഏഷ്യാകപ്പില്‍ കെ എല്‍ രാഹുല്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്. തുടര്‍ച്ചയായുള്ള ബാറ്റിംഗ് പരാജയവും ബാറ്റിംഗ് ശൈലി കാരണവും രാഹുല്‍ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ പരിക്കില്‍ നിന്നും ഇന്ത്യന്‍ ടീമില്‍ എത്തിയതിന് പിന്നാലെ ഈ പരിഹാസങ്ങള്‍ക്കെല്ലാം പ്രകടനങ്ങള്‍ കൊണ്ട് മറുപടി നല്‍കാന്‍ ഇന്ത്യന്‍ താരത്തിനായി.

ഏഷ്യാകപ്പിലൂടെ ടീമില്‍ തിരിച്ചെത്തിയ കെ എല്‍ രാഹുല്‍ ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ സെഞ്ചുറി നേടിയാണ് തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചത്. ഇതിന് ശേഷം ന്യുസിലന്‍ഡിനെതിരെയും ഓസ്‌ട്രേലിയക്കെതിരെയുമെല്ലാം ലോകകപ്പില്‍ മികച്ച പ്രകടനം നടത്താന്‍ രാഹുലിനായി. മധ്യനിരയില്‍ ടീമിന് വിശ്വസിക്കാവുന്ന താരമായി രാഹുല്‍ മാറി എന്നതാണ് രാഹുലിന്റെ രണ്ടാം വരവില്‍ എടുത്തുപറയേണ്ട കാര്യം. ഏകദിനത്തിലും ടെസ്റ്റിലും ഇത് പലക്കുറി തെളിയിക്കാന്‍ രാഹുലിനായി.

ദക്ഷിണാഫ്രിക്കക്കെതിരെ ദക്ഷിണാഫ്രിക്കയില്‍ വെച്ച് നേടിയ ടെസ്റ്റ് സെഞ്ചുറി രാഹുലിന് ഒട്ടേറെ പ്രശംസയാണ് നല്‍കിയത്. ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പെ നടന്ന ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച പ്രകടനമായിരുന്നു താരം നടത്തിയത്. ടി20യില്‍ ഇന്ത്യന്‍ ടീമിന്റെ മധ്യനിരയില്‍ സ്ഥാനമില്ലെങ്കിലും ടെസ്റ്റിലും ഏകദിനത്തിലും രാഹുല്‍ തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് സീരീസിലെ ആദ്യ ടെസ്റ്റിലും മികച്ച പ്രകടനമാണ് രാഹുല്‍ കാഴ്ചവെയ്ക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :