ഹാർദ്ദിക്കിനെ മുംബൈ തിരിച്ചെത്തിച്ച പോലെ കെ എൽ രാഹുലിനെയും തിരിച്ചെത്തിക്കാൻ ആർസിബി, താരം ലഖ്നൗ വിടുമെന്ന് അഭ്യൂഹം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 25 ഡിസം‌ബര്‍ 2023 (11:53 IST)
ഐപിഎല്‍ താരലേലം കഴിഞ്ഞെങ്കിലും ട്രേഡിംഗ് വിന്‍ഡോ ഐപിഎല്ലിന് ഒരുമാസം മുന്‍പ് വരെ ആക്ടീവ് ആണ്. അതിനാല്‍ തന്നെ 2024 സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് നിരവധി ട്രേഡുകള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. ഗുജറാത്ത് ടൈറ്റന്‍സ് നായകനായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ തന്റെ ആദ്യടീമായ മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തിയതായിരുന്നു ട്രേഡിംഗ് വിന്‍ഡോയില്‍ നടന്ന ഏറ്റവും അപ്രതീക്ഷിതമായ നീക്കം. ഇപ്പോഴിതാ ലഖ്‌നൗ നായകനായ കെ എല്‍ രാഹുലിനെ തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ഫാഫ് ഡുപ്ലെസിസാണ് ആര്‍സിബിയുടെ നായകന്‍. ഇന്ത്യക്കാരനായ നായകനെ പരിഗണിക്കാനാണ് ആര്‍സിബിക്ക് താത്പര്യമെങ്കിലും കോലിയ്ക്ക് ശേഷം അതിന് അനുകൂലമായ ഒരു താരത്തെ ഫ്രാഞ്ചൈസിക്ക് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കെ എല്‍ രാഹുലിനായി ആര്‍സിബി വലയെറിയുന്നത്. കര്‍ണാടക സ്വദേശിയായ കെ എല്‍ രാഹുല്‍ നേരത്തെ ആാര്‍സിബിയിലേക്ക് തിരിച്ചെത്താന്‍ താത്പര്യമറിയിച്ച താരമാണ്. രാഹുല്‍ ടീമിലെത്തുകയാണെങ്കില്‍ അടുത്ത സീസണില്‍ കൂടുതല്‍ ശക്തമാകാന്‍ ആര്‍സിബിക്ക് സാധിക്കും. നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സിന്റെ നായകനാണ് കെ എല്‍ രാഹുല്‍. ഈ സീസണിന് മുന്‍പ് തന്നെ ഈ മാറ്റം നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അല്ലെങ്കില്‍ 2024 സീസണിന് ശേഷം നടക്കുന്ന മെഗാതാരലേലത്തില്‍ രാഹുല്‍ ആര്‍സിബിയിലെത്തിയേക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :