Karun Nair: 'ഇനിയൊരു അവസരം പ്രതീക്ഷിക്കണ്ട'; കരുണ്‍ നായര്‍ പുറത്തേക്ക്

ഇംഗ്ലണ്ടില്‍ ആറ് ഇന്നിങ്‌സുകളില്‍ നിന്ന് 21.83 ശരാശരിയില്‍ കരുണ്‍ നേടിയിരിക്കുന്നത് വെറും 131 റണ്‍സ് മാത്രം

Karun Nair, karun nair innings, Karun Nair batting, Karun Nair form out, karun Nair Test career, Karun Nair Scores, കരുണ്‍ നായര്‍, കരുണ്‍ നായര്‍ കരിയര്‍, കരുണ്‍ നായര്‍ സ്‌കോര്‍
രേണുക വേണു| Last Modified ചൊവ്വ, 15 ജൂലൈ 2025 (10:46 IST)
Karun Nair

Karun Nair: ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്ന് ടെസ്റ്റുകള്‍ പൂര്‍ത്തിയാകുമ്പോള്‍ കരുണ്‍ നായര്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ നിന്ന് പുറത്തേക്ക്. ഇംഗ്ലണ്ടിലെ പേസിനു അനുകൂലമായ പിച്ചുകളില്‍ തിളങ്ങാന്‍ സാധിക്കാത്തതാണ് കരുണ്‍ നായരുടെ ക്രിക്കറ്റ് ഇന്നിങ്‌സിനു വില്ലനായിരിക്കുന്നത്.

ഇംഗ്ലണ്ടില്‍ ആറ് ഇന്നിങ്‌സുകളില്‍ നിന്ന് 21.83 ശരാശരിയില്‍ കരുണ്‍ നേടിയിരിക്കുന്നത് വെറും 131 റണ്‍സ് മാത്രം. ലോര്‍ഡ്‌സ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ നേടിയ 40 റണ്‍സാണ് ഈ പരമ്പരയിലെ കരുണ്‍ നായരുടെ ഉയര്‍ന്ന സ്‌കോര്‍. ബാറ്റിങ്ങിനു കൂടുതല്‍ അനുകൂല സാഹചര്യം ഉണ്ടായിരുന്ന എഡ്ജ്ബാസ്റ്റണില്‍ ആകട്ടെ 31, 26 എന്നിങ്ങനെയാണ് കരുണ്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത്.

ഒന്നാം ടെസ്റ്റില്‍ അഞ്ചാമനായി ബാറ്റ് ചെയ്യാനെത്തിയ കരുണ്‍ നായര്‍ 0, 20 എന്നീ സ്‌കോറുകള്‍ നേടിയാണ് പുറത്തായത്. ഇതേ തുടര്‍ന്ന് അടുത്ത രണ്ട് ടെസ്റ്റുകളിലും ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തി കരുണിന് മൂന്നാം സ്ഥാനം നല്‍കിയാണ് ഇന്ത്യ പരീക്ഷണം നടത്തിയത്. എന്നാല്‍ അവിടെയും കരുണ്‍ പരാജയമായി.

34 കാരനായ കരുണ്‍ നായര്‍ ഇനി ഇന്ത്യക്ക് വേണ്ടി കളിക്കില്ലെന്ന് ഇംഗ്ലണ്ട് പരമ്പരയിലെ ആറ് ഇന്നിങ്‌സുകളിലെ പ്രകടനത്തില്‍ നിന്ന് ഉറപ്പായി. ഇതുവരെ ടെസ്റ്റില്‍ ഇന്ത്യക്കായി 13 ഇന്നിങ്‌സുകളില്‍ നിന്ന് 505 റണ്‍സാണ് കരുണ്‍ നായരുടെ സമ്പാദ്യം. 2016 ല്‍ ഇംഗ്ലണ്ടിനെതിരെ നേടിയ ട്രിപ്പിള്‍ സെഞ്ചുറി (പുറത്താകാതെ 303) ഒഴിച്ചുനിര്‍ത്തിയാല്‍ ശരാശരിക്കു താഴെയാണ് കരുണ്‍ നായരുടെ പ്രകടനം.

ട്രിപ്പിള്‍ സെഞ്ചുറി ഇന്നിങ്‌സ് ഉള്‍പ്പെടുത്താതെ നോക്കുമ്പോള്‍ 12 ഇന്നിങ്‌സുകൡ നിന്ന് 16.83 ശരാശരിയില്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത് 202 റണ്‍സ് മാത്രമാണ്. 2016 ലെ ട്രിപ്പിള്‍ സെഞ്ചുറിക്കു ശേഷം ഒരു അര്‍ധ സെഞ്ചുറി പോലും കരുണ്‍ നേടിയിട്ടില്ല. ഇംഗ്ലണ്ട് പരമ്പരയിലെ ശേഷിക്കുന്ന രണ്ട് ടെസ്റ്റുകളില്‍ കരുണ്‍ നായര്‍ക്കു പകരം സായ് സുദര്‍ശന്‍ കളിക്കാനാണ് സാധ്യത.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :