Last Modified വ്യാഴം, 24 ജനുവരി 2019 (14:12 IST)
പെട്ടന്നൊരു ദിവസം എല്ലാം കൈവിട്ട് പോകുന്ന അവസ്ഥ ആർക്കും ചിന്തിക്കാൻ കഴിയുന്നതല്ല. അത്തരമൊരു അവസ്ഥയിലൂടെയാണ് ഇന്ത്യൻ താരങ്ങളായ ഹാർദിക് പാണ്ഡ്യയും കെ എൽ രാഹുലും ഇപ്പോൾ കടന്നു പോകുന്നത്. സ്ത്രീവിരുദ്ധ പരാമർശത്തെ തുടർന്ന് ബിസിസിഐ ഇരുവരേയും സസ്പെൻഡ് ചെയ്യുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന ‘കോഫി വിത്ത് കരണ്‍’ എന്ന ടെലിവിഷൻ ഷോയിലാണ് ഹർദിക് പാണ്ഡ്യയും കെ ൽ രാഹുലും സ്ത്രീവിരുദ്ധപരാമർശം നടത്തിയത്. വിഷയത്തിൽ ആദ്യമായി പ്രതികരിക്കുകയാണ് അവതാരകനായ കരണ്‍ ജോഹര്‍.
ക്രിക്കറ്റ് താരങ്ങള്‍ വിവാദത്തില്‍ പെട്ടതിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും എങ്കില്‍ പോലും അതിഥികള്‍ പറയുന്ന ഉത്തരങ്ങള്‍ നിയന്ത്രിക്കാനാകില്ലെന്നും കരൺ ജോഹർ പറയുന്നു. വലിയൊരു തെറ്റായി അത് മാറിയിരിക്കുന്നു. ചിന്തിച്ച് എനിക്ക് ഒരുപാട് ഉറക്കമില്ലാത്ത രാത്രികള്‍ ഉണ്ടായിട്ടുണ്ട്. ഈ നഷ്ടം എങ്ങനെ നികത്താനാകുമെന്നും ആര് എന്റെ വാക്ക് കേള്‍ക്കുന്നും ഞാൻ ആലോചിച്ചുവെന്ന് കരൺ പറയുന്നു.
‘സ്ത്രീകള്‍ അടക്കമുളള അതിഥികളോട് ചോദിക്കുന്ന ചോദ്യമാണ് താൻ അവരോടും ചോദിച്ചത്. ദീപിക പദുകോണിനോടും ആലിയ ഭട്ടിനോടും ഇതേ ചോദ്യം താൻ ചോദിച്ചിരുന്നുവെന്നും‘ താരം പറയുന്നു.
ആറ് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് ബിസിസിഐ ലീഗൽ സെല്‍ നിയമോപദേശം നല്‍കി.
ഇക്കാര്യത്തില്‍ ഈ താരങ്ങളെ ടീം പിന്തുണയ്ക്കില്ലെന്ന് ക്യാപ്ടന്‍ വിരാട് കോഹ്‌ലിയും വ്യക്തമാക്കിയിരുന്നു. ഏതായാലും നാക്ക് പിഴച്ച പാണ്ഡ്യയും രാഹുലും ഇപ്പോഴും പുറത്ത് തന്നെ.