രേണുക വേണു|
Last Modified ബുധന്‍, 3 നവംബര്‍ 2021 (15:50 IST)
ടി 20 ലോകകപ്പിലെ ഇന്ത്യയുടെ മോശം പ്രകടനത്തെ രൂക്ഷമായി വിമര്‍ശിച്ച് കപില്‍ ദേവ്. ലോകോത്തര താരങ്ങള്‍ ഇത്ര മോശം ക്രിക്കറ്റ് കളിക്കുമ്പോള്‍ ബിസിസിഐ അതിനെ കാര്യമായി കാണണമെന്നും ടീമില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്നും കപില്‍ ദേവ് പറഞ്ഞു. യുവതാരങ്ങളെ ടീമിലേക്ക് കൊണ്ടുവരികയാണ് ഈ സാഹചര്യത്തില്‍ ചെയ്യേണ്ടതെന്നും കപില്‍ അഭിപ്രായപ്പെട്ടു.
'ലോകകപ്പില്‍ ജയിക്കാനോ സെമി ഫൈനലില്‍ കയറാനോ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സ്വന്തം കരുത്ത് കൊണ്ട് അത് സാധ്യമാക്കണം. അല്ലാതെ, മറ്റു ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിച്ചായിരിക്കരുത്. വലിയ പേരുകളുള്ള താരങ്ങളുടെ ഭാവിയെ കുറിച്ച് സെലക്ടര്‍മാര്‍ കാര്യമായി ആലോചിക്കേണ്ട സമയമായെന്നാണ് എനിക്ക് തോന്നുന്നത്. ഭാവിയിലേക്കുള്ള ടീമിനെ നാം എങ്ങനെയാണ് സജ്ജമാക്കേണ്ടത്? ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവച്ച യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതിനെ കുറിച്ച് സെലക്ടര്‍മാര്‍ ആലോചിക്കണം. യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയിട്ടും അവര്‍ പരാജയപ്പെടുകയാണെങ്കില്‍ അതില്‍ തെറ്റായി ഒന്നുമില്ല. കാരണം, അവര്‍ക്ക് അനുഭവസമ്പത്ത് ലഭിക്കും. എന്നാല്‍, വലിയ പേരുകേട്ട താരങ്ങള്‍ ഇങ്ങനെ മോശം ക്രിക്കറ്റ് കളിക്കുമ്പോള്‍ എന്താണ് ചെയ്യേണ്ടത്? തീര്‍ച്ചയായും വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരും. ബിസിസിഐ ഇക്കാര്യത്തില്‍ ഇടപെടണം. യുവതാരങ്ങളെ ടീമിലേക്ക് കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കണം,' കപില്‍ ദേവ് പറഞ്ഞു.