അഭിറാം മനോഹർ|
Last Modified വ്യാഴം, 9 ഒക്‌ടോബര്‍ 2025 (15:12 IST)
ടെസ്റ്റ് ക്രിക്കറ്റ് നിലനില്‍ക്കണമെങ്കില്‍ ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കപ്പുറം പോകണമെന്ന് ന്യൂസിലന്‍ഡ് മുന്‍ നായകനായ കെയ്ന്‍ വില്യംസണ്‍. ക്രിക്കറ്റില്‍ ഈ 3 രാജ്യങ്ങള്‍ തമ്മിലുള്ള പോരാട്ടം
ആവേശകരമാണെങ്കിലും അത് ടെസ്റ്റ് ഫോര്‍മാറ്റിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കില്ലെന്നാണ് കെയ്ന്‍ വില്യംസണ്‍ പറയുന്നത്.
3 ടീമുകള്‍ മാത്രമെ ടെസ്റ്റ് ഫോര്‍മാറ്റ് കളിക്കുന്നുവെങ്കില്‍ അത് നിലനില്‍ക്കാന്‍ പാടുപെടും. ആ പരമ്പരകള്‍ നമ്മള്‍ ആസ്വദിക്കുന്നു എന്നത് ശരിതന്നെ. എന്നാല്‍ അത് ടെസ്റ്റ് ക്രിക്കറ്റിന്റെ വളര്‍ച്ചയെ സഹായിക്കില്ല. ഈ വര്‍ഷം ആദ്യം ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളുടെ ക്രിക്കറ്റ് ബോര്‍ഡുകളുമായി സഹകരിച്ച് ഈ 3 രാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ പരമ്പരകള്‍ സാധ്യമാക്കുന്നതിനായി ടു ടയര്‍ ടെസ്റ്റ് സംവിധാനത്തിന്റെ സാധ്യതകള്‍ ഐസിസി പരിശോധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സംവിധാനത്തിനെ പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് പകരം കളിക്കുന്ന എല്ലാ രാജ്യങ്ങളും ഒത്തുചേര്‍ന്ന് ഒരു പരിഹാരം കാണേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കെയ്ന്‍ വില്യംസണ്‍ ഓര്‍മ്പിപ്പിച്ചു.
രണ്ടാം നിരയിലെ ടീമുകള്‍ക്ക് എങ്ങനെ മെച്ചപ്പെടാനും ഉയര്‍ന്ന ഡിവിഷനിലേക്ക് ഉയരാനും കഴിയും എന്നതാണ് ടു ടയര്‍ സംവിധാനത്തെ പറ്റിയുള്ള ആശങ്ക. എല്ലാ രാജ്യങ്ങളും ടെസ്റ്റ് ഫോര്‍മാറ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നാണ് ടെസ്റ്റ് ക്രിക്കറ്റിനെ പിന്തുണയ്ക്കുന്ന ഒരാളെന്ന നിലയില്‍ എനിക്ക് പറയാനുള്ളത്. കെയ്ന്‍ വില്യംസണ്‍ പറഞ്ഞു.