അഭിറാം മനോഹർ|
Last Modified വെള്ളി, 20 ഡിസംബര്‍ 2019 (11:41 IST)
ഐ പി എല്ലിന്റെ ആദ്യ സീസണുകൾ മുതൽ തന്നെ മത്സരരംഗത്തുണ്ടെങ്കിലും കാര്യമായ നേട്ടങ്ങൾ ഒന്നും തന്നെ ഇതുവരെയും സൃഷ്ട്ടിക്കാൻ കഴിയാതിരുന്ന ടീമാണ് കിങ്സ് ഇലവൻ പഞ്ചാബ്. എന്നാൽ കഴിഞ്ഞ വർഷങ്ങളിലെ മോശം പ്രകടനങ്ങളെ മായ്ച്ചു കളയാൻ തയ്യാറായാണ് ഇത്തവണ പഞ്ചാബ് വരുന്നത്.
പുതിയ ഐ പി എൽ സീസണിൽ ഡൽഹിയിലേക്ക് മാറിയ ആർ അശ്വിന് പകരം ഇന്ത്യൻ താരമായ കെ എൽ രാഹുലായിരിക്കും ഇത്തവണ പഞ്ചാബ് കിങ്സിനെ നയിക്കുക. ഐ പി എൽ താരലേലത്തിനിടെ മുഖ്യ പരിശീലകൻ അനിൽ കുംബ്ലെയുമായി കൂടിയാലോചിച്ചാണ് പഞ്ചാബ് ടീം മാനേജ്മെന്റിന്റെ പ്രഖ്യാപനം.
പത്തേമുക്കാൽ കോടി രൂപ മുടക്കി ഓസീസ് താരം ഗ്ലെൻ മാക്സ്‌വെല്ലിനെ ടീമിലെടുത്തതോടെ ശക്തമായ സ്ഥിതിയിലാണ് പഞ്ചാബ് നിലവിലുള്ളത്. ഗ്ലെൻ മാക്സ്‌വെൽ തന്നെ ടീമിന്റെ നായകനായേക്കും എന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ആ അഭ്യൂഹങ്ങളെ തള്ളിയാണ് രാഹുലിനെ നായകനാക്കി തെരഞ്ഞെടുത്തത്.
അതേസമയം 12 രാജ്യങ്ങളിൽ നിന്ന് 332 താരങ്ങൾ പങ്കെടുത്ത ലേലത്തിൽ 62 പേരെയാണ് ടീമുകൾ സ്വന്തമാക്കിയത്. ഇതിൽ 29 പേർ വിദേശതാരങ്ങളാണ് ലേലത്തിൽ ടീമുകൾ ഏറ്റെടുത്തത്. ആകെ മുടക്കിയത് 140.3 കോടി രൂപയും. ഓസീസ് കളിക്കാരനായ പാറ്റ് കമ്മിൻസാണ് ഐ പി എല്ലിലെ ഏറ്റവും വിലയേറിയ താരം.