രേണുക വേണു|
Last Modified തിങ്കള്‍, 3 നവംബര്‍ 2025 (11:44 IST)
Jemimah Rodrigues: വനിത ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമായ ജെമിമ റോഡ്രിഗസിനെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം. ലോകകപ്പ് ഫൈനലില്‍ ജെമിമ പുറത്തായതിനു പിന്നാലെയാണ് ജെമിമയ്‌ക്കെതിരെ സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകള്‍ സൈബര്‍ ആക്രമണം തുടങ്ങിയത്.
ഫൈനലില്‍ 37 പന്തുകള്‍ നേരിട്ട ജെമിമ 24 റണ്‍സെടുത്താണ് പുറത്തായത്. സെമി ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ സെഞ്ചുറി നേടിയ ജെമിമയാണ് ഇന്ത്യയെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. എന്നാല്‍ ഫൈനലില്‍ കാര്യമായി ശോഭിക്കാന്‍ താരത്തിനു സാധിച്ചില്ല. ഇതിനു പിന്നാലെ സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകള്‍ താരത്തിനെതിരെ മതപരമായ പരിഹാസങ്ങളുമായി രംഗത്തെത്തി.
സെമി ഫൈനലില്‍ സെഞ്ചുറി നേടി ഇന്ത്യയെ വിജയത്തിലെത്തിച്ച ശേഷം ക്രൈസ്തവ വിശ്വാസിയായ ജെമിമ ജീസസ് ക്രൈസ്റ്റിനു നന്ദി പറഞ്ഞിരുന്നു. ക്രിസ്തുവിന്റെ സഹായം കൂടി ഉള്ളതുകൊണ്ടാണ് തനിക്കു നന്നായി കളിക്കാന്‍ സാധിച്ചതെന്നാണ് ജെമിമ പറഞ്ഞത്. എന്നാല്‍ ഫൈനലില്‍ താരം നിരാശപ്പെടുത്തിയതോടെ 'എന്താ ജീസസ് ഇന്ന് സഹായിക്കാന്‍ എത്തിയില്ലേ', 'ജെമിമ 24 റണ്‍സേ എടുത്തുള്ളൂ, ജീസസിനു ഇന്ന് എന്ത് പറ്റി', 'ഇന്ന് ഞായറാഴ്ച ആയതുകൊണ്ട് ജീസസിനു പള്ളിയില്‍ തിരക്കായിരുന്നു' തുടങ്ങി ഒട്ടേറെ പരിഹാസങ്ങള്‍ താരത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്.