പൂനെ|
jibin|
Last Modified തിങ്കള്‍, 21 മെയ് 2018 (08:15 IST)
ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർണായക മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് അഞ്ച് വിക്കറ്റ് വിജയം. പഞ്ചാബിന്റെ തോല്‍വിയോടെ പോയിന്റ് പട്ടികയിൽ നാലാമതുള്ള രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിൽ കടന്നു.
പഞ്ചാബ് ഉയര്‍ത്തിയ 153 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സ്കോർ പഞ്ചാബ് 19.4 ഓവറിൽ 153ന് പുറത്ത്. ചെന്നൈ 19.1 ഓവറിൽ 5–159. ചെന്നൈയുടെ എൻഗിഡിയാണ് മാൻ ഓഫ് ദി മാച്ച്.
ചെന്നൈയെ 100 റൺസിനുള്ളിൽ ഒതുക്കി വിജയിച്ചാൽ മാത്രമേ പഞ്ചാബിന് പ്ലേ ഓഫിൽ കടക്കാനാകുമായിരുന്നുള്ളൂ. വാട്‌സണ്‍ ഇല്ലാതെ കളത്തിലിറങ്ങിയ ചെന്നൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. അഞ്ച് ഓവർ പിന്നിട്ടപ്പോൾ 3–27 എന്ന നിലയിലായിരുന്നു ചെന്നൈ.
ടീമിന്റെ റണ്‍ മിഷ്യന്‍ അമ്പാട്ടി റായിഡു (1) തുടക്കത്തില്‍ തന്നെ പുറത്തായി. പിന്നാലെ ഡ്യപ്ലെസിസ് (14), ബില്ലിംഗ്‌സ് (0) എന്നിവര്‍ കൂടി കൂടാരം കയറിയതോടെ പഞ്ചാബിന്റെ പ്രതീക്ഷകള്‍ വാനോളമുയര്‍ന്നു. എന്നാല്‍, കൂറ്റനടികള്‍ക്കായി ബോളര്‍മാരെ ഇറക്കാനുള്ള മഹേന്ദ്ര സിംഗ് ധോണിയുടെ വിജയം കണ്ടതോടെ കളി ചെന്നൈയുടെ പാളയത്തിലായി.
ബില്ലിംഗ്‌സ് പുറത്തായതിന് പിന്നാലെ എത്തിയ ഹര്‍ഭജനും (22 പന്തില്‍ 19) ചാഹറും (20പന്തില്‍ 39) നടത്തിയ മികച്ച പ്രകടനം പഞ്ചാബിന്റെ പ്ലേഓഫ് സാധ്യതകള്‍ തല്ലിക്കെടുത്തി. അവസാന ഓവറുകളില്‍ സുരേഷ് റെയ്‌നയും (48പന്തില്‍ 61) ധോണിയും നടത്തിയെ വെടിക്കെട്ടോടെ ചെന്നൈ ജയം സ്വന്തമാക്കി.
സ്കോർബോർഡിൽ 16 റൺസ് ചേർക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായ പഞ്ചാബിനെ നാലാം വിക്കറ്റിൽ ഒത്തുചേർന്ന മനോജ് തിവാരി (35) – മില്ലർ (24) സഖ്യമാണ് വൻ തകർച്ചയിൽനിന്നു കരകയറ്റിയത്.
60 റൺസ് ചേർത്ത ശേഷം 12മത് ഓവറിലാണ് സഖ്യം വേർപിരിഞ്ഞത്. കരുൺ നായരുടെ ബാറ്റിങ് (26 പന്തിൽ 54) മാത്രമാണ് പഞ്ചാബിന് ആശ്വസിക്കാനുണ്ടായത്. 19മത് ഓവറിൽ കരുൺ നായരും പുറത്തായതോടെ പഞ്ചാബ് സ്കോർ 153ൽ അവസാനിച്ചു.