സച്ചിന്റെ ക്ലാസ്, സെവാഗിന്റെ മാസ് അതങ്ങനെ പൊയ്പോവത്തില്ല

ആഭിറാം മനോഹർ| Last Modified ഞായര്‍, 8 മാര്‍ച്ച് 2020 (10:51 IST)
വിരേന്ദർ സെവാഗിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ മികവിൽ റോഡ് സേഫ്‌റ്റി വേൾഡ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ വിൻഡീസ് ലെജന്റ്സിനെതിരെ ഇന്ത്യൻ ലെജന്റ്സിന് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത വിൻഡീസ് ലെജന്റ്സ് ശിവ് നാരായൺ ചന്ദർപോളിന്റെയും ഡാരൻ ഗംഗയുടെയും ബാറ്റിംഗ് മികവിൽ 20 ഓവറിൽ 150 റൺസെടുത്തപ്പോൾ 18.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലെജന്റ്സ് ലക്ഷ്യത്തിലെത്തി.

മത്സരത്തിൽ ഇന്ത്യൻ ബൗളർമാരിൽ സഹീർ ഖാനും മുനാഫ് പട്ടേലും തങ്ങളുടെ പ്രതാപകാലത്തേ ഓർമിപ്പിച്ചുകൊണ്ട് ബൗൾ ചെയ്തപ്പോൾ സച്ചിനും സെവാഗും ചേർന്നുള്ള ഓപ്പണിംഗ് ജോഡി ആരാധകരെ ഒരിക്കൽ കൂടി ഓർമകളുടെ വസന്തകാലത്തിലേക്ക് കൊണ്ടുപോയി. വിരമിച്ച് ഇത്രയും വർഷങ്ങൾ കഴിഞ്ഞും തന്റെ ക്ലാസ് നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു സച്ചിന്റെ പ്രകടനം. 29 പന്തിൽ 36 റൺസെടുത്ത് പുറത്തായെങ്കിലും നിറഞ്ഞുകവിഞ്ഞ ഗാലറിയുടെ മനസ്സ് കൂടി നിറച്ചാണ് സച്ചിൻ പവലിയനിലേക്ക് മടങ്ങിയത്. സച്ചിനും സെവാഗും ചേർന്നുള്ള ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓപ്പണിംഗ് ജോഡി ഓപ്പണിങ് വിക്കറ്റിൽ 83 റൺസടിച്ച ശേഷമാണ് വേർപിരിഞ്ഞത്.

സച്ചിനുശേഷം വന്ന മുഹമ്മദ് കൈഫും(14), മന്‍പ്രീത് ഗോണിയും(0) നിരാശപ്പെടുത്തിയെങ്കിലും തുടർന്നെത്തിയ യുവ്‌രാജ് സിംഗുമൊത്ത് സെവാഗ് ഇന്ത്യയെ വിജയത്തിലെക്ക് നയിച്ചു. മത്സരത്തിന്റെ ആദ്യ ബൗളിൽ തന്നെ ബൗണ്ടറിയടിച്ചു തുടങ്ങിയ സെവാഗ് സ്കോർബോർഡിൽ ആ പഴയ ഓർമകളെ വീണ്ടും നിറച്ചാണ് തുടങ്ങിയത്. പതുക്കെ തുടങ്ങിയ സെവാഗ് അർധസെഞ്ചുറിക്ക് ശേഷമാണ് സ്വന്തസിദ്ധമായ ശൈലിയിലേക്ക് മാറിയത്. 57 പന്തിൽ 11 ബൗണ്ടറികളുമായി സെവാഗ് 74 റൺസെടുത്തു.

ആദ്യം ബാറ്റ് ചെയ്‌ത വിൻഡീസിനായി ചന്ദർപോളും(62) ഡാരൻ ഗംഗയും (32) തിളങ്ങിയെങ്കിലും ഇതിഹാസതാരമായ സ്റ്റേഡിയത്തിലെത്തിയ ആയിരങ്ങളെ നിരാശപ്പെടുത്തി.ബ്രയാന്‍ ലാറ 15 പന്തില്‍ 17 റണ്‍സെടുത്ത് പുറത്തായി. ഇന്ത്യക്കായി സഹീര്‍ ഖാന്‍, മുനാഫ് പട്ടേല്‍, പ്രഗാന്‍ ഓജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :