സ്മിത്തിന് വീണ്ടും സെഞ്ച്വറി, ഇന്ത്യൻ ബൗളർമരെ അടിച്ചുപറത്തി ഓസ്ട്രേലിയ; വിജയ ലക്ഷ്യം 390

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 29 നവം‌ബര്‍ 2020 (13:36 IST)
സിഡ്‌നി: സിഡ്നിയിൽ നടക്കുന്ന ഇന്ത്യ ഓസ്ട്രേലിയ രാണ്ടാം മത്സരത്തിലും മികച്ച പ്രകടനം ആവർത്തിച്ച് ഓസ്ട്രേലിയ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയൻ ബാറ്റ്സ്‌മാൻമാർ ഇന്ത്യൻ ബൗളർമാരെ കണക്കറ്റ് പ്രഹരിച്ചു. നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 389 റൺസാണ് ഓസ്ട്രേലിയ അടിച്ചുകൂട്ടിയത്. 64 പന്തിൽനിന്നും 104 റൺസുമായി സ്റ്റിവ് സ്മിത്ത് വീണ്ടും സെഞ്ച്വറി കണ്ടെത്തി. 14 ഫോറുകളും രണ്ടു സിക്സറുകളും അടങ്ങുന്നതായിരുന്നു സ്മിത്തിന്റെ പ്രകടനം.

77 പന്തിൽനിന്നും 83 റൺസെടുത്ത ഡേവിഡ് വാർണറുടെയും, 69 പന്തിൽനിന്നും 60 റൺസെടുത്ത ആരോൺ ഫിഞ്ചിന്റെയും ഓപ്പണിങ് കൂട്ടുകെട്ട് ഓസിസിന് മികച്ച തുടക്കം നൽകി. സെഞ്ചറി നേടിയ സ്മിത്തിന്റെയും, 61 പന്തിൽനിന്നും 70 റൺസ് നേടിയ ലാബുഷാനെയുടെ പ്രകടനവും, 29 പന്തിൽനിന്നും 63 റൺസ് നെടിയ മാക്സ്‌വെലിന്റെ വെടിക്കെട്ട് പ്രകടനവും കൂടിയായപ്പോൾ ഓസ്ട്രേലിയ കൂറ്റൻ സ്കോറിലേയ്ക്ക് എത്തുകയായിരുന്നു. ആദ്യ മത്സരത്തിൽ ജയിച്ച ഓസ്ട്രേലിയ പരമ്പരയിൽ 1-0ന് മുന്നിലാണ് ഇന്നത്തെ മത്സരത്തിൽ പരാജയപ്പെട്ടാൽ ഇന്ത്യയ്ക്ക് ഏകദിന പരമ്പര നഷ്ടമാകും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :