രേണുക വേണു|
Last Modified വെള്ളി, 28 ജനുവരി 2022 (15:48 IST)
ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ നിന്ന് ഇന്ത്യ മഹാരാജാസ് പുറത്ത്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ വേള്‍ഡ് ജയന്റ്‌സിനോട് തോല്‍വി വഴങ്ങിയാണ് മഹാരാജാസ് ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗിന്റെ ഫൈനല്‍ കാണാതെ പുറത്തായത്.
നിര്‍ണായക മത്സരത്തില്‍ അഞ്ച് റണ്‍സിനാണ് വേള്‍ഡ് ജയന്റ്‌സ് ഇന്ത്യ മഹാരാജാസിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത വേള്‍ഡ് ജയന്റ്‌സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ മഹാരാജാസിന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ.
ബ്രെറ്റ് ലീയുടെ ലാസ്റ്റ് ഓവറാണ് വേള്‍ഡ് ജയന്റ്‌സിന് വിജയം സമ്മാനിച്ചത്. അവസാന ഓവറില്‍ എട്ട് റണ്‍സ് മാത്രമാണ് ഇന്ത്യ മഹാരാജാസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍, ബ്രെറ്റ് പന്തുകൊണ്ട് തീ തുപ്പിയപ്പോള്‍ അവസാന ഓവറില്‍ ഇന്ത്യ മഹാരാജാസ് നേടിയത് വെറും രണ്ട് റണ്‍സ്. തകര്‍ത്തടിച്ചുകൊണ്ടിരിക്കുകയായിരുന്ന ഇന്ത്യ മഹാരാജാസിന്റെ ഇര്‍ഫാന്‍ പത്താന്റെ വിക്കറ്റ് ബ്രെറ്റ് അവസാന ഓവറിലെ ആദ്യ പന്തില്‍ തന്നെ സ്വന്തമാക്കി. ഇതോടെ കളി വേള്‍ഡ് ജയന്റ്‌സിന്റെ കൈകളിലായി. 21 പന്തില്‍ 56 റണ്‍സെടുത്താണ് ഇര്‍ഫാന്‍ പത്താന്‍ മടങ്ങിയത്. 22 പന്തില്‍ 45 റണ്‍സെടുത്ത യൂസഫ് പത്താനും ഇന്ത്യ മഹാരാജാസിനായി മികച്ച പ്രകടനം നടത്തി.
നേരത്തെ വേള്‍ഡ് ജയന്റ്‌സിനായി ഹെര്‍ഷല്‍ ഗിബ്‌സ് 46 പന്തില്‍ 89 റണ്‍സ് നേടിയിരുന്നു.