Cricket worldcup 2023: ഓസീസിനെതിരെ നേടിയത് തകര്‍പ്പന്‍ വിജയം, പക്ഷേ നാണക്കേടിന്റെ റെക്കോര്‍ഡ് എളുപ്പം പോകില്ല

അഭിറാം മനോഹർ| Last Modified തിങ്കള്‍, 9 ഒക്‌ടോബര്‍ 2023 (11:32 IST)
ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ് മത്സരത്തില്‍ തകര്‍പ്പന്‍ വിജയം ഇന്ത്യയ്ക്ക് സ്വന്തമാക്കാനായെങ്കിലും മത്സരത്തില്‍ നാണക്കേടിന്റെ ഒരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. മത്സരത്തില്‍ 2 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയുടെ 3 മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായിരുന്നു. റണ്‍സൊന്നും നേടാനാവാതെ ഇഷാന്‍ കിഷന്‍,രോഹിത് ശര്‍മ,ശ്രേയസ് അയ്യര്‍ എന്നിവരാണ് പുറത്തായത്. കിഷനെ സ്റ്റാര്‍ക്ക് മടക്കിയപ്പോള്‍ രോഹിത്തിനെയും ശ്രേയസിനെയും ജോഷ് ഹേസല്‍വുഡാണ് പുറത്താക്കിയത്.

ഇതോടെ 3 വിക്കറ്റുകള്‍ നഷ്ടമാകുന്നതിനിടെ ഏറ്റവും കുറഞ്ഞ ടീം സ്‌കോര്‍ സ്വന്തമാക്കിയ ടീമിനെന്ന നാണക്കേടാണ് ഇന്ത്യയുടെ പേരിലായത്. 2004ല്‍ സിംബാബ്‌വെയ്‌ക്കെതിരെ 4 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് 3 വിക്കറ്റുകള്‍ നഷ്ടമായിരുന്നു. 2019ല്‍ ഓസ്‌ട്രേലിയക്കെതിരെയും 4 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് 3 വിക്കറ്റുകള്‍ നഷ്ടമായിരുന്നു.

അതേസമയം ഓസീസ് ഇത് രണ്ടാം തവണയാണ് ഒരു ടീമിനെ 3 വിക്കറ്റ് നഷ്ടത്തില്‍ 2 റണ്‍സെന്ന നിലയിലെത്തിക്കുന്നത്. 2007ല്‍ അയര്‍ലന്‍ഡിനെയും ഓസീസ് ഇതേ അവസ്ഥയിലെത്തിച്ചിരുന്നു. 2007ലെ ലോകകപ്പിന് ശേഷം ലോകകപ്പുകളില്‍ 10 ഓവറില്‍ ഇന്ത്യ നേടുന്ന ഏറ്റവും ചെറിയ മൂന്നാമത്തെ സ്‌കോര്‍ പിറന്നതും ഇന്നലെ നടന്ന മത്സരത്തിലായിരുന്നു. 2019ല്‍ ന്യൂസിലന്‍ഡിനെതിരെ 24ന് 4 എന്ന നിലയിലേക്ക് ഇന്ത്യ വീണിരുന്നു. ഓസീസിനെതിരെ 10 ഓവര്‍ പിന്നിടുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സാണ് ഇന്ത്യ നേടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :