എനിക്കെന്തെങ്കിലും ചെയ്യാൻ സാധിക്കുമായിരുന്നെങ്കിൽ കോലിയെ ഞാൻ നായകനാക്കുമായിരുന്നു: രവി ശാസ്ത്രി

Virat Kohli, Virat Kohli Retired from Test Cricket, Virat Kohli retired, Virat Kohli Test Career, വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
Virat Kohli
അഭിറാം മനോഹർ| Last Modified വ്യാഴം, 12 ജൂണ്‍ 2025 (19:41 IST)
വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിക്കാനുണ്ടായ സാഹചര്യം കൈകാര്യം ചെയ്തതില്‍ ബിസിസിഐയ്ക്ക് വീഴ്ച സംഭവിച്ചതായി മുന്‍ ഇന്ത്യന്‍ ടീം പരിശീലകനും കമന്റേറ്ററുമായ രവിശാസ്ത്രി. കോലി പെട്ടെന്ന് തന്നെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിലും അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ച രീതിയിലും തനിക്ക് വലിയ ദുഃഖമുണ്ടെന്നും രവി ശാസ്ത്രി സോണി ലിവിനോട് പറഞ്ഞു.

വിരാട് കോലി വിരമിച്ച ശേഷമാണ് അദ്ദേഹം എത്ര വലിയ താരമായിരുന്നുവെന്ന് ആളുകള്‍ക്ക് മനസിലാകുന്നത്. കോലി വിരമിച്ച രീതിയില്‍ എനിക്ക് ദുഃഖമുണ്ട്. കോലിയുടെ വിരമിക്കല്‍ ഇതിനേക്കാള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാമായിരുന്നു. കോലി വിരമിക്കുന്നതിന് മുന്‍പ് അദ്ദേഹവുമായി ആശയവിനിമയം നടത്തേണ്ടതായിരുന്നു.കോലിയുടെ കാര്യത്തില്‍ എനിക്കെന്തെങ്കിലും ചെയ്യാനാകുമായിരുന്നുവെങ്കില്‍ ഓസ്‌ട്രേലിയന്‍ പര്യടനം പൂര്‍ത്തിയാക്കിയതിന് പിന്നാലെ അവനെ ഞാന്‍ വീണ്ടും ടെസ്റ്റ് ക്യാപ്റ്റനാക്കുമായിരുന്നു.


കണക്കുകള്‍ മാത്രം നോക്കി ഒരു കളിക്കാരനെ വിലയിരുത്താനാവില്ല. വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിന്റെ അംബാസഡറായിരുന്നു. പ്രത്യേകിച്ചും വിദേശ പരമ്പരകളില്‍. ലോര്‍ഡ്‌സില്‍ അദ്ദേഹം കളിച്ച രീതിയും അതിന് ശേഷം ടീമിലുണ്ടായ മാറ്റവും അവിശ്വസനീയമായിരുന്നു. ഞാനും അതില്‍ പങ്കാളിയായിരുന്നു എന്നോര്‍ക്കുമ്പോള്‍ എനിക്കതില്‍ സന്തോഷമുണ്ട്.രവിശാസ്ത്രി പറഞ്ഞു.


ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ പരാജയപ്പെടുകയും ഇംഗ്ലണ്ട് പര്യടനത്തില്‍ നായകനാകാന്‍ താത്പര്യം പ്രകടിപ്പിച്ചെങ്കിലും സെലക്ടര്‍മാര്‍ ഇത് നിരസിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും കോലി വിരമിച്ചതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ പിന്തുണയ്ക്കുന്നതായിരുന്നു ശാസ്ത്രിയുടെ തുറന്നുപറച്ചില്‍. ഇന്ത്യയ്ക്കായി 123 ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള കോലി 30 സെഞ്ചുറികളടക്കം 9230 റണ്‍സ് നേടിയിട്ടുണ്ട്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :