അഭിറാം മനോഹർ|
Last Modified ചൊവ്വ, 12 ഡിസംബര്‍ 2023 (19:58 IST)
സ്‌റ്റോപ് ക്ലോക്ക് നിയമം നടപ്പിലാക്കുന്നതോടെ ക്രിക്കറ്റ് മത്സരങ്ങളില്‍ ഇനി നായകന്മാരുടെ ജോലി കൂടുതല്‍ പ്രയാസകരമാകും. ഇംഗ്ലണ്ട് വെസ്റ്റിന്‍ഡീസ് ടി20 മത്സരത്തില്‍ പരിക്ഷണാടിസ്ഥാനത്തില്‍ സ്‌റ്റോപ് ക്ലോക്ക് സംവിധാനം നടപ്പിലാക്കുമെന്ന് ഐസിസി സൂചന നല്‍കി. ബൗളിംഗ് ടീമിന് 2 ഓവറുകള്‍ക്കിടയില്‍ എടുക്കാവുന്ന പരമാവധി സമയം ഒരു മിനിറ്റായി കുറക്കുന്നതാണ് സ്‌റ്റോപ്പ് ക്ലോക്ക് നിയമത്തിലൂടെ നടപ്പാക്കുക.
ഒരു ഓവര്‍ പൂര്‍ത്തിയാക്കി ഒരുമിനിറ്റിനകം അടുത്ത ഓവറിലെ ആദ്യ പന്തെറിയാനായി ബൗളര്‍ തയ്യാറെടുക്കണമെന്നാണ് നിയമം പറയുന്നത്. ഒരു ഇന്നിങ്ങ്‌സില്‍ ഇത്തരത്തില്‍ മൂന്ന് തവണ നിയമം ലംഘിച്ചാല്‍ ബാറ്റിംഗ് ടീമിന് അഞ്ച് റണ്‍സ് ബോണസായി ലഭിക്കുമെന്നാണ് നിയമത്തിലെ വ്യവസ്ഥ. ആദ്യ രണ്ടുതവണ ബൗളിംഗ് ടീമിന് മുന്നറിയിപ്പ് നല്‍കിയശേഷമാകും ബാറ്റ് ചെയ്യുന്ന ടീമിന് ബോണസ് റണ്‍സ് നല്‍കുക. മത്സരത്തിനിടയിലെ ഇടവേള കുറയ്ക്കാനാണ് പുതിയ പരിഷ്‌കരണം.
എന്നാല്‍ ഇത് ബൗളിംഗ് ചെയ്യുന്ന ടീമിന് സമ്മര്‍ദ്ദമുണ്ടാക്കുന്നതാണെന്നും ഇപ്പോള്‍ തന്നെ ബാറ്റര്‍മാര്‍ക്ക് അനുകൂല നിയമങ്ങള്‍ ഏറെയുള്ളപ്പോള്‍ സ്‌റ്റോപ് ക്ലോക്ക് നിയമം കൂടെ വരുന്നത് ബൗളര്‍മാര്‍ക്ക് ഇരട്ടി സമ്മര്‍ദ്ദമുണ്ടാക്കുമെന്നും വിദഗ്ധര്‍ പറയുന്നു. എന്നാല്‍ പരിക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ശേഷം മാത്രമെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകു എന്ന് ഐസിസി വ്യക്തമാക്കി.