സജിത്ത്|
Last Modified ഞായര്‍, 10 ഡിസംബര്‍ 2017 (10:54 IST)
ശ്രീലങ്കയുമായുള്ള ഏകദിന പരമ്പര സ്വന്തമാക്കാന്‍ കഴിഞ്ഞാല്‍ ടീം ഇന്ത്യയെ കാത്തിരിക്കുന്നത് അപൂര്‍വ്വ നേട്ടം. ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്കെത്താനുള്ള അവസരമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. നിലവില്‍ ദക്ഷിണാഫ്രിക്കയ്ക്ക് പുറകില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
ആദ്യ ഏകദിനത്തില്‍ ജയിച്ചാല്‍ തന്നെ ഇന്ത്യക്ക് ഒന്നാം സ്ഥാനത്ത് എത്താം. അതേസമയം പരമ്പര 3- 0 ന് സ്വന്തമാക്കിയാല്‍ ഇന്ത്യക്കു പോയിന്റിലെ ലീഡ് ഉയര്‍ത്തി ഒന്നാം സ്ഥാനത്ത് തുടരാനും കഴിയും. എന്നാല്‍ പരമ്പര ഇന്ത്യ 2-1നാണ് ജയിക്കുന്നതെങ്കില്‍ ഇന്ത്യയുടെ പോയിന്റ് 119 ആയി കുറയുകയും ചെയ്യും.
അതെസമയം ശ്രീലങ്കയെ സംബന്ധിച്ചു ഈ സീരീസ് റാങ്കിങ്ങില്‍ മാറ്റങ്ങള്‍ കൊണ്ടുവരില്ല. നിലവില്‍ 83 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ശ്രീലങ്ക. പരമ്പര 3-0 ന് തോറ്റാലും പോയിന്റില്‍ മാറ്റമില്ലാതെ അവര്‍ എട്ടാം സ്ഥാനത്ത് തന്നെ തുടരും .
3-0 ന് പരമ്പര ജയിച്ചാല്‍ പോയിന്റ് 87 ആയി ഉയരും എങ്കിലും 92 പോയിന്റ് ഉള്ള ബംഗ്ലാദേശിനെ മറികടക്കാന്‍ അവര്‍ക്ക് കഴിയില്ല. വിരാട് കോഹ്ലിക്ക് വിശ്രമം അനുവധിച്ചതിനാല്‍ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് . ടീം ഇന്ത്യയുടെ 24ാം ക്യാപ്റ്റനാണ് രോഹിത് ശര്‍മ്മ.