അഭിറാം മനോഹർ|
Last Modified ശനി, 16 മാര്‍ച്ച് 2024 (13:13 IST)
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായാണ് ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ ഗാബ ടെസ്റ്റില്‍ നേടിയ വിജയത്തെ വിശേഷിപ്പിക്കുന്ന. 30 വര്‍ഷങ്ങള്‍ക്ക് മുകളിലായി ഓസ്‌ട്രേലിയ ഒരിക്കലും പരാജയപ്പെടാത്ത ഓസ്‌ട്രേലിയയുടെ കോട്ടയായ ഗാബയില്‍ തീര്‍ത്തും പരിചയസമ്പത്തില്ലാത്ത യുവനിരയെ വെച്ചായിരുന്നു അന്ന് ഇന്ത്യ വിജയം നേടിയത്. പരമ്പര നഷ്ടമായതിനുപരി ഗാബയിലെ പരാജയം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് വലിയ അപമാനമായിരുന്നു. ഇപ്പോഴിതാ ഈ വര്‍ഷം ഇന്ത്യ മറ്റൊരു ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ഒരുങ്ങുമ്പോള്‍ ഇത്തവണ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന് വ്യക്തമാക്കുകയാണ് ഓസ്‌ട്രേലിയന്‍ പേസ് ഇതിഹാസമായ ഗ്ലെന്‍ മഗ്രാത്ത്.
കഴിഞ്ഞ തവണ നേരിട്ട പരാജയത്തിന് പകരം വീട്ടനായി ഓസ്‌ട്രേലിയ കാത്തിരിക്കുന്നതായാണ് മഗ്രാത് വ്യക്തമാക്കിയത്. അതേസമയം കഴിഞ്ഞ തവണ യുവനിരയുമായാണ് ഇന്ത്യ ഓസീസില്‍ എത്തിയതെങ്കിലും വിദേശപിച്ചുകളില്‍ കഴിവ് തെളിയിച്ച അജിങ്ക്യ രഹാനെ,ചേതേശ്വര്‍ പുജാര തുടങ്ങിയ താരങ്ങള്‍ ടീമിനൊപ്പമുണ്ടായിരുന്നു. തീര്‍ത്തും പുതിയൊരു മധ്യനിരയുമായാകും ഇത്തവണ ഇന്ത്യ ഇറങ്ങുന്നത്. പേസിനെ തുണയ്ക്കുന്ന ഓസീസ് സാഹചര്യങ്ങളില്‍ ഈ യുവനിര എത്രമാത്രം തിളങ്ങുമെന്ന് കണ്ടറിയേണ്ടതാണ്.