രേണുക വേണു|
Last Modified വെള്ളി, 7 ഒക്‌ടോബര്‍ 2022 (17:01 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യയുടെ യുവതാരങ്ങളായ ഋതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍ എന്നിവരെ ട്രോളി ആരാധകര്‍. ദക്ഷിണാഫ്രിക്കയുടെ 240 റണ്‍സ് പിന്തുടരാന്‍ ഇറങ്ങിയ ഇന്ത്യയുടെ തുടക്കം വളരെ മോശമായിരുന്നു. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍, ശിഖര്‍ ധവാന്‍ എന്നിവരെ വേഗം നഷ്ടപ്പെട്ടു. പരിമിത ഓവറിലെ തീപ്പൊരി ബാറ്റര്‍ എന്ന വിശേഷണമുള്ള ഇഷാന്‍ കിഷനും ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച ഋതുരാജ് ഗെയ്ക്വാദും അമ്പേ പരാജയപ്പെട്ടു.
ഇന്ത്യയുടെ മുന്‍നിരയിലെ നാല് ബാറ്റര്‍മാര്‍ 102 പന്തുകള്‍ നേരിട്ട് നേടിയത് വെറും 46 റണ്‍സ് മാത്രമാണ്. ഇതില്‍ ഗെയ്ക്വാദ് 42 പന്തുകള്‍ നേരിട്ടാണ് 19 റണ്‍സ് നേടിയത്. ഇഷാന്‍ കിഷന്‍ 37 പന്തില്‍ നിന്ന് 20 റണ്‍സും ! ടീമില്‍ സ്ഥാനം ഉറപ്പിക്കുക എന്ന ലക്ഷ്യം മാത്രം മനസ്സില്‍ വെച്ചാണ് ഇരുവരും ബാറ്റ് ചെയ്തതെന്ന് ആരാധകര്‍ വിമര്‍ശിക്കുന്നു. ആക്രമിച്ചു കളിക്കുന്ന ശൈലിയാണ് പൊതുവെ ഇരുവരുടേതും എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ പതിഞ്ഞ താളത്തിലാണ് ഇരുവരും ബാറ്റ് വീശിയത്. എങ്ങനെയെങ്കിലും കുറച്ച് റണ്‍സ് നേടി തങ്ങളുടെ സ്ഥാനം ഉറപ്പിക്കുക മാത്രമായിരുന്നു ഇരുവരുടെയും ലക്ഷ്യം. അല്ലാതെ ടീമിനെ ജയിപ്പിക്കുകയെന്ന ആഗ്രഹത്തോടെ ഇരുവരും ബാറ്റ് ചെയ്തിട്ടില്ലെന്നാണ് ആരാധകരുടെ കമന്റ്.
' ഈ കുട്ടികള്‍ ഇപ്പോഴും ശരിയായിട്ടില്ല. ഇഷാന്‍ കിഷനും ഗെയ്ക്വാദും ഇത്രയധികം പന്തുകള്‍ പാഴാക്കിയില്ലെങ്കില്‍ കഥ മറ്റൊന്നാകുമായിരുന്നു. റിക്വയേര്‍ഡ് റണ്‍റേറ്റ് ആറില്‍ കൂടുതല്‍ വേണ്ടപ്പോള്‍ പ്രതിരോധിച്ച് കളിക്കാനാണ് ഇവര്‍ നോക്കിയത്'
' ഇഷാന്‍ കിഷനും ഋതുരാജ് ഗെയ്ക്വാദും ടീമില്‍ നിന്ന് പുറത്തുപോയി ആഭ്യന്തര ക്രിക്കറ്റ് കൂടുതല്‍ കളിക്കുകയാണ് വേണ്ടത്. എന്തൊരു മോശം ബാറ്റിങ്ങാണ് ഇരുവരുടേതും'
' 80 പന്തില്‍ നിന്നാണ് ഋതുരാജും ഇഷാന്‍ കിഷനും ചേര്‍ന്ന് വെറും 39 റണ്‍സെടുത്തത്. അവിടെ നമ്മള്‍ മത്സരം തോറ്റു. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ പോലും ഇവര്‍ക്ക് അറിയില്ല'
എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ കമന്റ്.