Cricket Worldcup 2023: മോശം സംഘാടനവും ടിക്കറ്റ് വില്പനയിലെ പിഴവും പ്രശ്നമായി, ലോകകപ്പ് ഉദ്ഘാടനമത്സരം കാണാൻ വിരലിൽ എണ്ണാവുന്ന കാണികൾ മാത്രം

അഭിറാം മനോഹർ| Last Modified വ്യാഴം, 5 ഒക്‌ടോബര്‍ 2023 (18:28 IST)
ക്രിക്കറ്റ് ലോകത്തിന്റെ കായികമാമാങ്കമായ ഏകദിന ലോകകപ്പിന് ഇന്ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ തുടക്കം കുറിച്ചപ്പോള്‍ മത്സരം കാണായെത്തിയത് വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രം. 1,20,000ത്തോളം പേര്‍ക്കിരിക്കാവുന്ന ലോകത്തെ ഏറ്റവും വലിയ സ്‌റ്റേഡിയത്തിലെ ഉദ്ഘാടനമത്സരത്തില്‍ കാണികളില്ലാത്തത് വലിയ നാണക്കേടാണ് ബിസിസിഐയ്ക്കുണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ ഏകദിന ലോകകപ്പിലെ ഫൈനലിസ്റ്റുകള്‍ തമ്മിലുള്ള മത്സരമായിട്ടും ആളുകള്‍ എത്താത്തത് എല്ലാവരിലും ആശ്ചര്യമുണ്ടാക്കിയിരിക്കുകയാണ്.

ഇതാദ്യമായാണ് ഏകദിന ലോകകപ്പിലെ ഉദ്ഘാടനമത്സരം ഇത്രയും കുറച്ച് കാണികള്‍ക്ക് മുന്നില്‍ നടക്കുന്നത്. ലോകകപ്പിന്റെ മത്സരക്രമം തന്നെ മാറ്റിമറിച്ചതും ടിക്കറ്റ് വില്‍പ്പനയില്‍ വന്ന അപാകതകളുമെല്ലാം ഇതിന് കാരണമായതായി ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ പറയുന്നു. ഉദ്ഘാടനമത്സരത്തില്‍ സ്‌റ്റേഡിയത്തിന്റെ പകുതിയോളം കാണികളുണ്ടാകുമെന്നാണ് ബിസിസിഐയും കണക്കുകൂട്ടിയിരുന്നത്. ശക്തരായ ടീമുകള്‍ തമ്മിലുള്ള മത്സരമായിട്ടും ജനപങ്കാളിത്തം ഇല്ലാത്തത് വലിയ ആശങ്കയാണ് ക്രിക്കറ്റ് ലോകത്ത് സൃഷ്ടിച്ചിരിക്കുന്നത്. ലോകകപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് മാത്രമാണ് കാണികള്‍ എത്തുന്നതെങ്കിലും ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശം കുറഞ്ഞ ലോകകപ്പായിരിക്കും ഇത്തവണ നടക്കുക. അതേസമയം ടി20 ക്രിക്കറ്റിന്റെയും ടി20 ക്രിക്കറ്റിന്റെയും കാലത്ത് ഏകദിന മത്സരങ്ങളുടെ പ്രാധാന്യം നഷ്ടമായതാണ് കാണികളുടെ കുറവിന് കാരണമെന്നും വിലയിരുത്തലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :