Last Modified ചൊവ്വ, 13 ഓഗസ്റ്റ് 2019 (10:58 IST)
ക്രിക്കറ്റ് പന്തുകളില്‍ മൈക്രോ ചിപ്പ് ഘടിപ്പിക്കാനൊരുങ്ങി ഓസ്ട്രേലിയയിലെ ക്രിക്കറ്റ് പന്ത് നിര്‍മാതാക്കളായ കൂക്കബുര. മൈക്രോചിപ്പ് ഘടിപ്പിച്ച പന്തുകള്‍ എത്തുന്നതോടെ ക്രിക്കറ്റില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. ടെക്നോളജി പങ്കാളിയായ സ്പോര്‍ട്കോറിനൊപ്പം ചേര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ മാറ്റത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ് കൂക്കബുര. ടെസ്റ്റ് ക്രിക്കറ്റിലും, പ്രധാനപ്പെട്ട ട്വന്റി20 ലീഗുകളിലുമാവും സ്മാര്‍ട്ട് പന്തുകള്‍ ആദ്യം കൊണ്ടുവരിക. അടുത്ത വര്‍ഷത്തോടെ ഈ പന്തിന് ഐസിസി അംഗീകാരം നേടിയെടുക്കാനാണ് കമ്പനിയുടെ ലക്ഷ്യം.
പന്തില്‍ ഘടിപ്പിച്ചിരിക്കുന്ന മൈക്രോ ചിപ്പില്‍ നിന്നും വിവരങ്ങള്‍ ഫോണിലേയോ, ടാബ്ലറ്റിലേയോ ആപ്പിലേക്ക് ലഭിക്കും. റിലീസ് സ്പീഡ്, പ്രീ ബൗണ്‍സ്, പോസ്റ്റ് ബൗണ്‍സ് വിവരങ്ങള്‍ ഉള്‍പ്പെടെ ഈ മൈക്രോ ചിപ്പ് നല്‍കും. എന്നാൽ നിലവിലുള്ള കൂകബര പന്തില്‍ നിന്നും ഭാരത്തിലോ രൂപത്തിലോ പുതിയ പന്തിന് ഒരു വ്യത്യാസവുമുണ്ടാവില്ലെന്നും അധികൃതര്‍ പറയുന്നു. കൂകബറ പന്തുകളാണ് രാജ്യാന്തര തലത്തില്‍ ഉപയോഗിക്കുന്നത്. നിലവില്‍ ബൗള്‍ ചെയ്ത് കഴിഞ്ഞതിന് ശേഷമാണ്. വേഗത അറിയാന്‍ കഴിയുന്നത്. പുതിയ പന്തുകള്‍ എത്തുന്നതോടെ ബോളുകള്‍ തന്നെ സംസാരിക്കുമെന്നും കമ്പനി പറയുന്നു.