ഭാര്യയില്‍ നിന്ന് മാനസിക പീഡനം; ശിഖര്‍ ധവാന് വിവാഹമോചനം അനുവദിച്ച് കോടതി

സ്വന്തം ഭാഗം തെളിവുകള്‍ സഹിതം ന്യായീകരിക്കാന്‍ ആയേഷ മുഖര്‍ജിക്ക് സാധിച്ചില്ല

രേണുക വേണു| Last Modified വ്യാഴം, 5 ഒക്‌ടോബര്‍ 2023 (12:26 IST)

ആയേഷ മുഖര്‍ജിയുമായുള്ള വിവാഹ ബന്ധത്തില്‍ നിന്ന് നിയമപരമായി പിരിഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. ഡല്‍ഹിയിലെ കുടുംബ കോടതിയാണ് ധവാന് വിവാഹ മോചനം അനുവദിച്ചത്. ഭാര്യയില്‍ നിന്ന് കടുത്ത മാനസിക പീഡനം അനുഭവിച്ചെന്ന ധവാന്റെ വാദം കോടതി ശരിവെച്ചു. ആയേഷയില്‍ നിന്നുള്ള മാനസിക പീഡനങ്ങള്‍ കണക്കിലെടുത്താണ് വിവാഹമോചനം അനുവദിക്കുന്നതെന്ന് കോടതി പറഞ്ഞു. ജഡ്ജി ഹരീഷ് കുമാറാണ് കേസ് പരിഗണിച്ചത്.

സ്വന്തം ഭാഗം തെളിവുകള്‍ സഹിതം ന്യായീകരിക്കാന്‍ ആയേഷ മുഖര്‍ജിക്ക് സാധിച്ചില്ല. പിരിഞ്ഞു കഴിയുന്ന ഭാര്യ ആയേഷയില്‍ നിന്ന് താരം ക്രൂരതയും മാനസികമായ യാതനകളും അനുഭവിക്കേണ്ടി വന്നതായി കോടതി വിലയിരുത്തി. വര്‍ഷങ്ങളായി ഏകമകനില്‍നിന്നു വേര്‍പെട്ടു ജീവിക്കുന്ന ധവാനെ ഭാര്യ സമ്മര്‍ദത്തിലാക്കിയതായും, താരം അതിന്റെ മാനസിക വേദനയിലായിരുന്നെന്നും ഡല്‍ഹി പട്യാല ഹൗസ് കോംപ്ലക്‌സിലെ കുടുംബ കോടതി വ്യക്തമാക്കി.

അതേസമയം ഇരുവരുടെയും മകന്‍ ആര്‍ക്കൊപ്പം ജീവിക്കുമെന്ന കാര്യത്തില്‍ കോടതി നിലപാടെടുത്തിട്ടില്ല. മകനെ കാണാനും ഒന്നിച്ച് താമസിക്കാനും വീഡിയോ കോള്‍ ചെയ്തു സംസാരിക്കാനുമുള്ള അനുവാദം കോടതി ധവാന് നല്‍കിയിട്ടുണ്ട്. മകന്റെ കാര്യത്തില്‍ സഹകരിക്കണമെന്ന് കോടതി ആയേഷ മുഖര്‍ജിക്ക് നിര്‍ദേശം നല്‍കി. ഓസ്‌ട്രേലിയയിലാണ് ആയേഷ മുഖര്‍ജി താമസിക്കുന്നത്. സ്‌കൂള്‍ അവധിക്കാലത്തിന്റെ പകുതി സമയം കുട്ടിയെ ഇന്ത്യയിലെ ധവാന്റെ കുടുംബത്തിനൊപ്പം താമസിക്കാന്‍ അനുവദിക്കണമെന്നും കോടതി നിലപാടെടുത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :