ഞാൻ സെവാഗോ,വാർണറോ അല്ല, വിമർശനങ്ങൾക്ക് മറുപടി നൽകി പൂജാര

അഭിറാം മനോഹർ| Last Modified വെള്ളി, 20 മാര്‍ച്ച് 2020 (13:17 IST)
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അമിത പ്രതിരോധത്തിലൂന്നി ബാറ്റ് ചെയ്‌തതിൽ വളരെയധികം വിമർശനങ്ങൾ നേരിട്ട താരമാണ് ചേതേശ്വർ പൂജാര. ന്യൂസിലൻഡിനെതിരായുള്ള പരമ്പരയിലെ പൂജാരയുടെ പ്രകടനത്തെ പരോക്ഷമായി വിമർശിച്ച് കൊണ്ട് നായകൻ കോലിയും രംഗത്തെത്തിയിരുന്നു.എന്നാലിപ്പോൾ തന്റെ നേരെയുയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പൂജാര.

ടെസ്റ്റ് ക്രിക്കറ്റില്‍ മതിയായ സമയമെടുത്ത് ബാറ്റ് ചെയ്യുന്നതില്‍ യാതൊരു തെറ്റുമില്ലെന്നും തനിക്ക് ഒരിക്കലും സെവാഗിനെ പോലെയോ വാർണറെ പോലെയോ ബാറ്റ് ചെയ്യാനാവില്ലെന്നും പറഞ്ഞു.എന്റെ ബാറ്റിംഗ് സ്ട്രൈക്ക് റേറ്റിനെച്ചൊല്ലി മാധ്യമങ്ങളിലുംട്ട്തും ഒരുപാട് ചർച്ചകൾ നടക്കുന്നുണ്ട്. പക്ഷേ സത്യം എന്തെന്നാൽ എന്റെ ബാറ്റിംഗ് ശൈലി മാറ്റാനായി ക്യാപ്റ്റനില്‍ നിന്നോ പരിശീലകനില്‍ നിന്നോ എന്റെ മേല്‍ യാതൊരു സമ്മര്‍ദ്ദവുമില്ല. എന്റെ ബാറ്റിങ്ങ് ശൈലി എന്താണെന്ന് ടീം മാനേജ്മെന്റിന് തന്നെ നല്ല ബോധ്യമുണ്ടെന്നും പൂജാര പറഞ്ഞു.

അടുത്തിടെ നടന്ന രഞ്ജി ഫൈനലിലും മെല്ലെപോക്കിനെപറ്റി വിമർശനമുയർന്നിരുന്നു. എന്നാൽ താൻ അത്തരം അഭിപ്രായങ്ങൾക്ക് ചെവികൊടുക്കാറില്ല.ഞാന്‍ റണ്‍സ് സ്കോര്‍ ചെയ്തിട്ടുള്ള പരമ്പരകളില്‍ എതിര്‍ ടീം ബാറ്റ്സ്മാന്‍മാരുടെ സ്ട്രൈക്ക് റേറ്റും എന്റേതും താരതമ്യം ചെയ്‌തു നോക്കു. അവരും ഒരുപാട് പന്ത് കളിച്ചിട്ടുണ്ടാകും. ടീമിനെ ജയിപ്പിക്കുക മാത്രമാണ് തന്റെ ജോലിയെന്നും പൂജാര വ്യക്തമാക്കി.

സെവാഗിനെയോ വാര്‍ണറെയോ പോലെ അതിവേഗം റണ്‍സടിക്കാന്‍ കഴിയുന്ന ബാറ്റ്സ്മാനല്ല ഞാനെന്ന് എനിക്കറിയാം.സാധാരണ ഒരു ബാറ്റ്സ്മാന്‍ എടുക്കുന്ന സമയമെ ക്രീസില്‍ ഞാനും എടുക്കുന്നുള്ളു- പൂജാര പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :