അന്ന് യോർക്കർ എറിയാൻ ധോണി ഭായി എന്നെ അനുവദിച്ചില്ല, പക്ഷേ പിന്നീട് സംഭവിച്ചത്: അരങ്ങേറ്റ മത്സരത്തെ കുറിച്ച് ബുമ്ര

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 11 സെപ്‌റ്റംബര്‍ 2020 (13:50 IST)
ഡെത്ത് ഓവറുകളില്‍ യോർക്കറുകൾകൊണ്ട് ബാറ്റ്സ്‌മാന്റെ വേഗതയെ പിടിച്ചുകെട്ടുന്നതിൽ വിദഗ്ധനാണ് ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രിത് ബുമ്ര. ബുമ്രയുടെ യോർക്കറുകൾ പലപ്പോഴും ഇന്ത്യയെ രക്ഷിച്ചിട്ടുണ്ടെന്ന് തന്നെ പറയാം എന്നാൽ തന്റെ അരങ്ങേറ്റ മത്സരത്തിൽ യോർക്കർ എറിയാൻ ക്യാപ്റ്റനായിരുന്ന ധോണി തനിയ്ക്ക് അനുവാദം നൽകിയില്ല എന്ന് വെളിപ്പെടുത്തിരിയ്ക്കുകയാണ് ബുമ്ര.

'മഹി ഭായിയുടെ കീഴിലാണ് ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേയ്ക്ക് അരങ്ങേറ്റം കുറിയ്ക്കുന്നത്. അദ്ദേഹം വലിയ ആത്മവിശ്വാസം നൽകി. ഞാന്‍ ബൗള്‍ ചെയ്യുന്നത് ആ മത്സരത്തിന് മുൻപ് മഹി ഭായ് കണ്ടിട്ടേയില്ല എന്ന കാര്യം അധികമാര്‍ക്കും അറിയില്ല. മത്സരത്തില്‍ ഡെത്ത് ഓവറുകള്‍ എറിയുന്നതിന് മുൻപ് 'യോര്‍ക്കറുകള്‍ എറിഞ്ഞോട്ടേ' എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. യോർക്കറുകൾ എറിയേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

യോര്‍ക്കറുകള്‍ എറിയുക ബുദ്ധിമുട്ടാണ് എന്നതിനാൽ എനിക്ക് അതിന് സാധിച്ചേക്കില്ല എന്നായിരുന്നു അദ്ദേഹം കരുതിയത്. പക്ഷേ അദ്ദേഹത്തിന്റെ നിർദേശം മറികടന്ന് ഞാൻ യോർക്കറുകൾ എറിഞ്ഞു. ആ ഓവറിന് ശേഷം മഹി ഭായി എന്റെ അടുത്തെത്തി 'ഇക്കാര്യം അറിയില്ലായിരുന്നു. നീ നേരത്തെ ടീമില്‍ എത്തിയിരുന്നെങ്കിൽ പരമ്പര മുഴുവന്‍ നമ്മള്‍ ജയിച്ചേനേ എന്ന് പറഞ്ഞു' ബുമ്ര ഓർത്തെടുത്തു. 2016ല്‍ ഓസ്‌ട്രേലിയക്കെതിരേ സിഡ്‌നിയിലായിരുന്നു ബുമ്രയുടെ അരങ്ങേറ്റം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :